ഖത്തർ : ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ യുദ്ധക്കപ്പൽ ഐ.എൻ.എസ് ത്രികാന്ത് ആദ്യമായി ദോഹയിൽ.സയീർ അൽ ബഹ്ർ’ അഥവാ ‘കടലിന്റെ ശബ്ദം’ എന്ന് പേരിട്ടിരിക്കുന്ന ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായി നടത്തുന്ന നാവികാഭ്യാസ പ്രകടനത്തിനായാണ് മിസൈൽവാഹക യുദ്ധക്കപ്പൽ ഹമദ് തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയത്. ഖത്തറി അമീരി നാവിക സേനയും ഇന്ത്യൻ നാവികസേനയും തമ്മിലുള്ള നാവികാഭ്യാസം ഉൾക്കടലിലാണ് നടക്കുക. നവംബർ 17 മുതൽ 25 വരെയാണ് ത്രികാന്ത് ദോഹയിൽ ഉണ്ടാവുക. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നവംബർ 19 വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ നടക്കും. സെമിനാർ, കൂടിക്കാഴ്ചകൾ, ഔദ്യോഗിക സന്ദർശനങ്ങൾ, കായിക പരിപാടികൾ എന്നിവയാണ് ഈ ദിവസങ്ങളിൽ. മുൻകൂട്ടി അനുമതി വാങ്ങിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കടക്കം കപ്പൽ സന്ദർശിക്കാം. തുടർന്ന് നവംബർ 24 വരെ കടലിൽ ഇരുസേനകളുടെയും അഭ്യാസ പ്രകടനങ്ങൾ ഉണ്ടായിരിക്കും. 30 ഓഫിസർമാരും 220 നാവികരുമടങ്ങിയ കപ്പൽ മുംബൈയിൽ നിന്നാണ് ദോഹ തുറമുഖത്തെത്തിയത്. കടലിന്റെ ഉപരിതലത്തിലുള്ള അഭ്യാസം, വ്യോമ അഭ്യാസങ്ങൾ, ഭീകരവിരുദ്ധ നിരീക്ഷണത്തിനും പ്രതിരോധത്തിനും ഉപയോഗിക്കുന്ന വിവിധ സൗകര്യങ്ങളുടെ പ്രദർശനം തുടങ്ങിയവ അഭ്യാസപ്രകടനത്തിൽ ഉൾപ്പെടുന്നുണ്ട്. ഐ.എൻ.എസ് ത്രികാന്തും പട്രോള്‍ എയര്‍ക്രാഫ്റ്റ് പി8 ഐയുമാണ് വിവിധ പ്രതിരോധ പ്രകടനങ്ങള്‍, വ്യോമ പ്രതിരോധം, കടല്‍ ഗതാഗത നിരീക്ഷണം, ഭീകര വിരുദ്ധ മുന്നേറ്റം എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന കടല്‍ഗതാഗത പരിശീലനങ്ങളിൽ പങ്കെടുക്കുന്നത്. ഖത്തറി അമീരി നാവികസേനയിലെ 20ഓളം നാവികരും പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.