ദോഹ: ഖത്തറിലെ ഫാമിലി റെസിഡൻസി വിസക്കുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാക്കുന്നു. വിസ അപേക്ഷ ഓൺലൈൻ വഴിയാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിവരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അതീഖ് ‘ദി പെനിൻസുല’ ഖത്തറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഹുകൂമി വെബ്സൈറ്റ്, മെട്രാഷ് 2, ഇന്റെർണൽ സർവിസ് സംവിധാനം തുടങ്ങിയ രീതികളിലൂടെയെല്ലാം വിസക്കായി അപേക്ഷിക്കാം.ഇതാദ്യമായാണ് മെട്രാഷ് പോലെയുള്ള സംവിധാനത്തിലൂടെ ഇത് നടപ്പാക്കുന്നത്.അപേക്ഷകനുമായുള്ള അഭിമുഖം രാജ്യത്തെ വിവിധ സർവിസ് സെന്ററുകൾ വഴിയായിരിക്കും.
മുൻപ് അപേക്ഷകനെ അഭിമുഖത്തിനായി പാസ്പോർട്ട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ, പുതിയ സംവിധാനം വരുന്നതോടെ നടപടികൾ ലളിതമാകും.നിയമപ്രകാരം ഫാമിലി വിസ ലഭിക്കുന്നതിന് പുതിയ നിബന്ധനകളൊന്നും കൂട്ടിച്ചേർത്തിട്ടില്ല.പകരം നടപടികളെല്ലാം എളുപ്പമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ആവശ്യമായ രേഖകളും മറ്റും സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ തള്ളിക്കളയുമെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്തിടെ രക്ഷിതാക്കളുടെ സ്പോൺസർഷിപ്പിൽതന്നെ മക്കൾക്കു ജോലി നൽകാൻ അനുവദിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റത്തിനാണ് ഖത്തർ തുടക്കം കുറിച്ചത് ഗൾഫ് മേഖലയിൽ തന്നെ ചർച്ചാവിഷയമായിരുന്നു.