ലോക്ഡൗൺ സ്ട്രീറ്റുകളിലുള്ള തൊഴിലാളികളെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ഡൗണ്‍ സ്ട്രീറ്റുകളിലുള്ള തൊഴിലാളികളെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. ലമികായിന്‍സ്, ബര്‍വ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. മരുന്ന്, ഭക്ഷണം, വസ്ത്രം, വ്യക്തിഗത ശുചിത്വ കിറ്റ് എന്നിവയെല്ലാം സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള ധനസഹായവും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബെയ്ദലി പറഞ്ഞു. കമ്യൂണിറ്റി നേതാക്കളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.ലോക് ഡൗണ്‍ ഏരിയകളിലെ സ്ട്രീറ്റ് നമ്പര്‍ 1,2 എന്നിവിടങ്ങളിലേയും അല്‍ വക്‌ലാത് സ്ട്രീറ്റിലേയും തൊഴിലാളികളെ മികായിന്‍സ്, ബര്‍വ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. 6,500 ഓളം തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്ന് മാറ്റിയത്. ഈ മൂന്ന് സ്ട്രീറ്റുകളും നാളെ മുതല്‍ തുറക്കും. തൊഴിലാളികള്‍ക്കിടയില്‍ 55 വയസിന് മുകളിലുള്ളവര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ആസ്തമ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും പ്രഥമ പരിഗണന നല്‍കികൊണ്ടാണ് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

ലോക്ഡൗണ്‍ ഏരിയയില്‍ നിന്ന് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളെ മാറ്റാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയവുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍-40287945. ഇ-മെയില്‍-ymarzoqi@adlsa.gov.qa. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുന്ന തൊഴിലാളികളെ 14 ദിവസം ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. അതിന് ശേഷമേ തൊഴിലുടമകള്‍ക്ക് ഇവരെ വിട്ടുനല്‍കുകയുള്ളു. ക്വാറന്റീനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം സൗജന്യമായി കമ്പ്യൂട്ടറുകളും നല്‍കും.