മസ്കറ്റ് : കേരള സർക്കാറിന്റെ പ്രവാസിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് മസ്കത്ത് കെ.എം.സി.സി പ്രസിഡൻറ് റയീസ് അഹമ്മദ് ലോക കേരള സഭ അംഗത്വം രാജിവെച്ചു.നാട്ടിൽ ജീവിതോപാധി തേടിയെത്തുന്ന പ്രവാസികളെ ആത്മഹത്യയിലേക്കു നയിക്കുന്ന നയങ്ങൾക്കെതിരായുള്ള പ്രതിഷേധ സൂചകമായി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സഭാംഗത്വം രാജിവെക്കുന്നതെന്ന് റയീസ് അഹമ്മദ് വാർത്തകുറിപ്പിൽ അറിയിച്ചു. ലോക കേരളസഭയിലെ അംഗങ്ങളായ ജി.സി.സിയിലെ കെ.എം.സി.സി നേതാക്കളും ഇതോടൊപ്പം രാജിവെച്ചിട്ടുണ്ട്.പ്രവാസിയായ സാജന്റെ സ്വപ്നം തകർക്കുക മാത്രമല്ല, അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ച സാഹചര്യം ഒരുക്കിയവരെ സംരക്ഷിക്കുന്ന നിലപാടുകൂടി സർക്കാർ പിന്തുടരുന്നത് പ്രവാസിദ്രോഹ നടപടിയുടെ പ്രത്യക്ഷ ഉദാഹരണമാണ്.ലോക കേരളസഭ സമ്മേളനങ്ങളിൽ വ്യവസായ-പുനരധിവാസ-പ്രവാസിക്ഷേമ പദ്ധതികൾക്കായി നിരവധി നിർദേശങ്ങൾ മുനോട്ടുവെച്ചിരുന്നെകിലും അവയിലൊന്നും അനുഭാവപൂർവം പരിഗണിക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്യാത്തത് സർക്കാരിന്റെ കപടമുഖമാണ് വ്യക്തമാക്കുന്നതെന്നും റയീസ് അഹമ്മദ് കുറ്റപ്പെടുത്തി. വരുംകാലങ്ങളിൽ പ്രവാസി ദ്രോഹ നടപടികൾക്കെതിരായുള്ള പ്രക്ഷോഭ പരിപാടികളിൽ കെ.എം.സി.സി സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.