രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം- ബഹ്‌റൈൻ ഒഐസിസി ശക്തമായി പ്രതിഷേധിച്ചു.

മനാമ : കോൺഗ്രസ്‌ മുൻ പ്രസിഡന്റും, മുതിർന്ന കോൺഗ്രസ്‌ നേതാവും, വയനാട് എം പി യും ആയ രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ എം പി ഓഫീസിന് നേരെ സി പി എം പോഷക സംഘടനയുടെ പേരിൽ നടത്തിയ ആക്രമണത്തിലും, ഓഫീസ് ജീവനക്കാരുടെ നേരെ നടത്തിയ ക്രൂര ആക്രമണത്തെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത തിങ്കളാഴ്ച മുതൽ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ സ്വർണ്ണ കള്ളക്കടത്തും, ഹവാല പണം ഇടപാടുകളും, സ്വപ്ന സുരേഷ് അടക്കമുള്ള ആളുകളുടെ വെളിപ്പെടുത്തലുകളും ചർച്ചയിൽ വരും എന്ന് മനസ്സിലാക്കിയ സി പി എം നേതൃത്വവും,മുഖ്യമന്ത്രിയുടെ ഓഫീസും,പൊതുമരാമത്തു മന്ത്രിയുടെ ഓഫീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഒഐസിസി ദേശീയ കമ്മറ്റി ആരോപിച്ചു.
സമാധാനവും, അഹിംസയും ആണ് കോൺഗ്രസിന്റെ മുഖമുദ്ര എന്ന് കരുതി എന്ത് അക്രമവും നടത്താം എന്നാണ് സി പി എം കരുതുന്നത് എങ്കിൽ ആ കാലഘട്ടം മാറി എന്നും, കെ സുധാകരനും, വി ടി സതീശനും ആണ് കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിൽ ഉള്ളത്. അക്രമിച്ചാൽ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിന് കഴിയും, കേരളത്തിൽ ഒഴികെ മറ്റൊരു സംസ്ഥാനത്തിലും സി പി എം ഓഫീസുകൾ പ്രവർത്തിക്കില്ല എന്നും ഒഐസിസി നേതൃത്വം ഓർമിപ്പിച്ചു.
ബി ജെ പി കേന്ദ്ര നേതൃത്വത്തെ സന്തോഷിപ്പിക്കാനും, ലാവ്‌ലിൻ, സ്വർണ്ണ, ഹവാല ഇടപാടുകളിൽ കേന്ദ്ര സർക്കാരിന്റെയും, ഈ ഡി, സി ബി ഐ തുടങ്ങിയ ഏജൻസികളുടെയും സഹായം ലഭിക്കുന്നതിന് വേണ്ടി കോൺഗ്രസ്‌ പാർട്ടിയെയും,നേതാക്കളെയും ആക്രമിച്ചാൽ സാധിക്കും എന്നാണ് കേരളത്തിലെ സി പി എം നേതൃത്വം ധരിക്കുന്നത്. കോൺഗ്രസ്‌ മുക്തഭാരതം എന്ന ബി ജെ പി, സംഘപരിവാർ സംഘടനകളുടെ മുദ്രാവാക്യത്തിന് കരുത്തുപകരാൻ വേണ്ടിയാണ് കേരളത്തിലെ സി പി എം നേതൃത്വത്തിന്റെ അറിവോടെ ആക്രമണം നടക്കുന്നത്.
രാഷ്ട്രീയത്തിൽ എന്ത് ഫാസിസ്റ്റ് ആക്രമണവും നടത്തി കോൺഗ്രസ്‌ പ്രസ്ഥാനത്തെ ഇല്ലായ്‌മ ചെയ്യാൻ സാധിക്കും എന്ന് ബി ജെ പി – സി പി എം നേതാക്കൾ ധരിക്കുന്നു എങ്കിൽ കോൺഗ്രസ്‌ പ്രവർത്തകർ ശക്തമായി പ്രതിരോധിക്കും എന്നും, തിരിച്ചടിക്കും എന്നും ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ കമ്മറ്റി ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം ബോബി പാറയിൽ എന്നിവർ അഭിപ്രായപ്പെട്ടു.