ചുനക്കര : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ കൽപ്പറ്റ ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിലും, ഓഫീസ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചതിലും രാജീവ് ഗാന്ധി സാംസ്കാരിക വേദി ചുനക്കരയുടെ ഗ്ലോബൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്വർണ്ണ കള്ളക്കടത്തും ഹവാല ഇടപാടുകളും, സ്വപ്നസുരേഷ് വെളിപ്പെടുത്തിയ വിഷയങ്ങളിൽ ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ ആക്രമണം എന്നും രാജീവ് ഗാന്ധി സാംസ്കാരികവേദി ആരോപിച്ചു.
ഗാന്ധിജിയുടെ മാർഗമായ സമാധാനവും അഹിംസയുമാണ് കോൺഗ്രസിന്റെ മുഖമുദ്ര എന്ന് കരുതി എന്ത് ആക്രമണവും നടത്താം എന്നാണ് സിപിഎം കരുതുന്നതെങ്കിൽ ആ കാലഘട്ടം മാറി എന്നും കേരളത്തിൽ ഒഴികെ മറ്റൊരു സംസ്ഥാനത്തും കോൺഗ്രസിന്റെ പിന്തുണയില്ലാതെ സിപിഎം ഓഫീസുകൾക്ക് പ്രവർത്തിക്കുവാൻ കഴിയില്ല എന്നും സാംസ്കാരിക വേദി നേതൃത്വം
ഓർമ്മപ്പെടുത്തി.
അഴിമതി ആരോപണങ്ങളുടെ അന്വേഷണത്തിൽ ഇഡി, സിബിഐ എന്നീ കേന്ദ്ര ഏജൻസികളുടെ സഹായം കോൺഗ്രസിനെ ആക്രമിച്ചാൽ ലഭിക്കുമെന്നാണ് സിപിഎം ധരിക്കുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി സംഘപരിവാർ സംഘടനകളുടെ മുദ്രാവാക്യത്തിന് കരുത്ത് പകരുവാൻ വേണ്ടിയാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിന്റ് അറിവോടെ ആക്രമണങ്ങൾ നടത്തുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുമെന്ന് ബിജെപി- സിപിഎം നേതാക്കൾ കരുതുന്നുണ്ടെങ്കിൽ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും എന്ന് രാജീവ് ഗാന്ധി സാംസ്കാരിക വേദിഭാരവാഹികൾ അറിയിച്ചു. ഗ്ലോബൽ ചെയർമാൻ ഷാജി തങ്കച്ചന്റ് അധ്യക്ഷധയിൽ കൂടിയ യോഗത്തിൽ മുൻ ചെയർമാൻ മധു പുത്തൻവീട്ടിൽ വൈസ് ചെയർമാൻമാരായ ഷാജി പുന്നപറമ്പിൽ, ഗോൾഡി ഉമ്മൻ, വിവിധ രാജ്യങ്ങളിലെ ഭാരവാഹികളായ,മനോജ് റോയ്, മാത്യു കരൂർ, സാമൂവേൽ മാത്യു, ബാദുഷ ഖാൻ, സജി വർഗീസ്, അജി എബ്രഹാം എന്നിവർ പ്രസംഗിച്ചു .