ദുബായ്, ഷാർജ, അജ്‌മാൻ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ പെയ്തു. കടൽ പ്രക്ഷുബ്‌ധമാണ്. ഇന്ന് ഉച്ചവരെ ഇതേ കാലാവസ്‌ഥ തുടരുമെന്നാണു റിപ്പോർട്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്‌തമായി. ഒമാനിലെ മസ്‌കത്തിലും പൊടിക്കാറ്റ് ശക്‌തമാണ്.
കുവൈത്തിൽ രാവിലെ മുതൽ ശക്‌തമായ പൊടിക്കാറ്റ് ആയിരുന്നു. ഉച്ചയോടെ മഴ പെയ്‌തു. യുഎഇയിൽ ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ദൂരക്കാഴ്‌ച കുറഞ്ഞു. മലയോരമേഖലകളിൽ താപനില പത്തു ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ അവധിദിവസമായതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർ മഴയും കാറ്റും ആസ്വദിക്കുന്ന തിരക്കിലായിരുന്നു. വടക്കൻ എമിറേറ്റുകളിലേക്കു യാത്ര നടത്തിയവരേറെയാണ്. റാസൽഖൈമയിലെയും ഫുജൈറയിലെയും മലയോരമേഖലകളിലേക്കായിരുന്നു യാത്ര. മലയോരമേഖലകളിൽ രാവിലെ മുതൽ ശക്‌തമായ കാറ്റുവീശുന്നുണ്ട്. മഴയെ തുടർന്നു വാദികളിൽ ജലനിരപ്പ് ഉയർന്നു. ദൂരക്കാഴ്‌ച കുറഞ്ഞതിനാൽ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. ശക്‌തമായ കാറ്റിൽ റോഡുകളിൽ മണൽ അടിച്ചുകയറുന്നതിനാൽ വാഹനങ്ങൾ തെന്നിമറിയാൻ സാധ്യതയുണ്ട്. ബീച്ചിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.