ദോഹ : റമസാന്റെ ഭാഗമായി 500 ലധികം ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. വിലക്കിഴിവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.റമസാന്റെ അവസാന ദിവസം വരെ വിലക്കിഴിവ് ലഭിക്കും. രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളുടെ സഹകരണത്തിലാണ് ഉല്‍പന്നങ്ങളുടെ വില കുറച്ചത്. റമസാനില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നടപടി ഏറെ ആശ്വാസകരമാണ്. എല്ലാ വര്‍ഷവും റമസാനില്‍ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുക പതിവാണ്.അരി, പഞ്ചസാര, ധാന്യപൊടി, പാസ്ത, ചിക്കന്‍, ഭക്ഷ്യ എണ്ണ, പാല്‍ തുടങ്ങിയ അവശ്യ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കൂടാതെ ഭക്ഷ്യേതര ഉല്‍പന്നങ്ങളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു. പട്ടിക പ്രകാരം 5 കിലോ ക്യുഎഫ്എം ധാന്യപ്പൊടിക്ക് 16 റിയാല്‍, 10 കിലോ ക്യുഎഫ്എം ഗോതമ്പ് പൊടിക്ക് 22.25 റിയാല്‍, യാരയുടെ സണ്‍ഫ്‌ളവര്‍ ഓയില്‍ 1.8 ലിറ്ററിന് 11.75 റിയാല്‍, ബലദ്‌ന ഫ്രഷ് തൈര് ഫുള്‍ ഫാറ്റ് 2 കിലോക്ക് 10 റിയാല്‍, റവ ഓറഞ്ച് ജ്യൂസ് ഒരു ലിറ്ററിന് 5.5 റിയാല്‍, 400 ഗ്രാം ലുര്‍പാര്‍ക് ബട്ടറിന് 14.25 റിയാല്‍, ഡാന്‍ഡി ഓറഞ്ച് ജ്യൂസ് 1.5 ലിറ്ററിന് 8.25 റിയാല്‍, 5 കിലോ പഞ്ചാബ് ഗാര്‍ഡന്‍ ബസുമതി റൈസിന് 32 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്.വിലക്കിഴിവ് ലഭിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങളുടേയും പട്ടിക എല്ലാ പ്രധാന ഷോപ്പിങ് മാളുകള്‍ക്കും നല്‍കിയിട്ടുണ്ട്. കൂടാതെ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം.