ജമാൽ ഇരിങ്ങൽ
ബഹ്റൈൻ : മാനത്തും മണ്ണിലും നന്മകളുടെ മന്ദമാരുതൻ നിറച്ചു കൊണ്ട് വീണ്ടുമൊരു പുണ്യ റമദാൻ നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. നടപ്പു ശീലങ്ങളിൽ നിന്ന് തിരിഞ്ഞു നടക്കാനും പുതിയ ശീലങ്ങൾ സ്വായത്തമാക്കാനുമുള്ളൊരു പുണ്യ മാസം. റമദാനിന്റെ അമ്പിളിക്കല ആകാശത്ത് ദൃശ്യമാവുന്നതോടെ ലോകമെങ്ങും വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. വിശ്വാസികളുടെ ചിത്തം ഒന്നാവുന്നു. വിചാരങ്ങളും വികാരങ്ങളും അവന്റെ നാഥനിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. എവിടെയും നന്മകൾ മാത്രം പൂത്തുലയുന്ന സുന്ദര മുഹൂർത്തങ്ങൾ. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മഹിതമായ മൂല്യങ്ങളുടെ നൈരന്തര്യം.ഇസ്ലാമിലെ ഏത് ആരാധനകളും കേവല നിർവഹണത്തിന് വേണ്ടിയുള്ളതല്ല. താൻ ജീവിക്കുന്ന ലോകത്ത് മാനവികതയെയും മാനുഷിക മൂല്യങ്ങളെയും പ്രതിനിധീകരിക്കാൻ വേണ്ടി പാഥേയമൊരുക്കാനുള്ള പരിശീലനം ആണ് ഓരോ ആരാധനകളും. ഒരേ സമയം ദൈവത്തോടും മനുഷ്യരോടുമുള്ള ബാധ്യതാ നിർവഹണത്തിന്റെ ഉപായങ്ങൾ ആണ് ഓരോ ആരാധനയും. റമദാനിൽ വിശ്വാസികൾ അനുഷ്ഠിക്കുന്ന നോമ്പിലും ഈ രണ്ടു കാര്യങ്ങളും സുതരാം വ്യക്തമാണ്.റമദാൻ മാസത്തെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്ന വിശ്വാസികളോട് മുഹമ്മദ് നബി (സ) പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്. ” തീർച്ചയായും അല്ലാഹു ശഅബാൻ മാസത്തിലെ പകുതിയുടെ രാവിൽ തന്റെ അടിമകളിലേക്ക് നോക്കും. സത്യവിശ്വാസികൾക്ക് പൊറുത്തു കൊടുക്കുകയും, സത്യനിഷേധികൾക്ക് അവധി നീട്ടിയിടുകയും, പരസ്പരം പകയിലും വിദ്വേഷത്തിലും കഴിയുന്നവരെ അവർ അതുപേക്ഷിക്കുന്നത് വരെ അവരെ പരിഗണിക്കാതിരിക്കുകയും ചെയ്യും”. ഇതിൽ മനുഷ്യർ തമ്മിൽ ചേർന്ന് നിൽക്കേണ്ടതിന്റെ പ്രാധാന്യം ആണ് എടുത്തു പറയുന്നത്. മനസിൽ മറ്റുള്ളവരോടുള്ള പകയും വെറുപ്പും കൊണ്ടുനടക്കുന്നവർക്ക് റമദാനിന്റെ പുണ്യങ്ങൾ കരസ്ഥമാക്കാൻ സാധിക്കുകയില്ല. വളരെ നിസാരമായ പ്രശ്നങ്ങളുടെയും തെറ്റിധാരണകളുടെയും പേരിൽ വർഷങ്ങളായി പിണങ്ങി നിൽക്കുന്ന പലരെയും നമുക്ക് കാണാൻ കഴിയും. കുടുംബ ബന്ധങ്ങളിലും സുഹൃത്ത് ബന്ധങ്ങളിലുമൊക്കെ ഇങ്ങനെയുള്ള പിണക്കങ്ങൾസാധാരണമാണ്. പല പിണക്കങ്ങളുടെയും കാരണം തെറ്റിധാരണകളോ ഈഗോകളോ ആയിരിക്കും. ഒന്നു വിളിച്ചാൽ , ഒരു മെസേജ് അയച്ചാൽ, ഒന്ന് മിണ്ടിയാൽ, ഒന്ന് ചിരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടാവുകയുള്ളൂ ഇതിൽ പലതിലും. എന്നാൽ ഇതിന് മുൻകൈ എടുക്കാൻ ആണ് പലർക്കും പ്രയാസം. അവൻ ഇങ്ങോട്ട് മിണ്ടട്ടെ അല്ലെങ്കിൽ വിളിക്കട്ടെ എന്ന് വിചാരിച്ചു കാത്തിരിക്കുകയാണ് പലരും. ഇതിന് അവരെ പ്രേരിപ്പിക്കുന്നത് അവരുടെ ഈഗോ ആണ്. ഈ ഈഗോയെ മറികടക്കാനുള്ള പ്രചോദനം ആണ് റമദാൻ. മറ്റുള്ളവരുമായുള്ള പിണക്കങ്ങൾ തീർക്കാതെയും മനസ്സിൽ മാറാല പിടിച്ചു കിടക്കുന്ന വെറുപ്പും പകയും വിദ്വേഷവും തുടച്ചു നീക്കാതെയും നമുക്കൊരിക്കലും റമദാനിന്റെ ഫലങ്ങൾ കൊയ്യാൻ സാധിക്കുകയില്ല.അല്ലെങ്കിലും നമ്മൾ എന്താണ് കാത്തിരിക്കുന്നത്. നമുക്ക് എങ്ങിനെയാണ് ഇത്തരം പിണക്കങ്ങൾ നീട്ടി കൊണ്ടുപോകുവാൻ സാധിക്കുക? നമ്മുടെ ആയുസിന് എന്ത് ഗ്യാരണ്ടിയാണുള്ളത്? ഈ ലോകത്തുള്ള മനുഷ്യജീവിതം ചെറിയ ഒരു കാലം മാത്രമാണ്. ആയുസിന്റെ കണക്കു പുസ്തകം ദൈവത്തിന്റെ സമക്ഷത്തിങ്കൽ ആണ്. അതിൽ നമുക്ക് വേണ്ടി നിശ്ചയിച്ച ജീവിതകാലം അവനു മാത്രം അറിവുള്ളതാണ്. ഉള്ളിലേക്കെടുത്ത ശ്വാസം എന്നാണു നിലക്കുക എന്ന് നമ്മിലാർക്കും ഒരിക്കലും പ്രവചിക്കുകയും സാധ്യമല്ല. ഒരു പക്ഷെ ചെറിയൊരു അസുഖം അല്ലെങ്കിൽ ഒരു ആക്സിഡന്റ് മതി നമ്മുടെ ജീവിതത്തിന്റെ തിരശീല വീഴാൻ. അത് കൊണ്ട് നമുക്ക് ദൈവം കനിഞ്ഞ് നൽകിയ ഈ ജീവിതത്തിന്റെ ദിനരാത്രങ്ങൾ മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാനുള്ളതാക്കി തീർക്കുക. പരസ്പരം സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കാൻ എന്ത് വില കൊടുത്തും നമുക്ക് ശ്രമിക്കുക.മനുഷ്യർ പലതിന്റെയും പേരിൽ ഇന്ന് കലഹിച്ചു കൊണ്ടിക്കുന്നു. മതം, രാഷ്ട്രീയം, ജാതി, ഭാഷ, ദേശം തുടങ്ങി പലതിന്റെയും പേരിൽ അവർ തങ്ങൾക്കിടയിൽ മതിലുകൾ പണിയുകയാണ്. എന്നാൽ നമ്മുടെയെല്ലാം മൂലം ഒന്നാണ്. ഒരു മാതാവിൽ നിന്നും ഒരു പിതാവിൽ നിന്നുമാണ് ലോകത്തുള്ള സകല മനുഷ്യരെയും ദൈവം സൃഷ്ടിച്ചത്. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ദൈവത്തിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഖുർആൻ 49:13).ലോകത്തുള്ള സർവ മതങ്ങളെയും അംഗീകരിച്ചു കൊണ്ടും ആദരിച്ചുകൊണ്ടുമുള്ള മാനവിക സഹോദര്യ വീക്ഷണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ഒരു മതങ്ങളെയും വിഭാഗങ്ങളെയും നിന്ദിക്കാനും അപഹസിക്കാനും വിശുദ്ധ ഖുർആനോ പ്രവാചകൻ മുഹമ്മദ് നബിയോ അനുവാദം നൽകുന്നില്ല. പുതിയ കാലത്ത് അപരവൽക്കരണം വ്യാപകമായി കൊണ്ടിരിക്കുകയാണ്. അന്യ മതസ്ഥർ, അന്യ ജാതി, അന്യ സംസ്ഥാനക്കാർ തുടങ്ങിയ വ്യവഹാരം പോലും തികച്ചും മാനവിക വിരുദ്ധമാണ്.ലോകത്തുള്ള മുഴുവൻ മനുഷ്യരെയും തന്റെ മനസ്സിൽ സ്നേഹത്തോടെ ചേർത്ത് വെക്കാൻ സാധിക്കുമ്പോഴാണ് നാം യഥാർത്ഥ മനുഷ്യർ ആവുക. അപ്പോൾ മാത്രമേ മറ്റുള്ളവരുടെ വേദനകളും വൈഷമ്യങ്ങളും തന്റേത് കൂടി ആയി മാറുകയുള്ളൂ. ഈ വിശുദ്ധ മാസത്തിലെ നോമ്പും മറ്റിതര ആരാധനാകർമ്മങ്ങളുമൊക്കെ നമ്മുടെ മനസിലുള്ള വെറുപ്പും വിദ്വേഷവുമൊക്കെ മാറ്റി അവിടെ സ്നേഹവും സാഹോദര്യവും നിറക്കാൻ പ്രചോദനമാവട്ടെ.