ഒമാൻ: അസാധാരണ ഇടപെടലിലൂടെ ഹൃദയാഘാതം സംഭവിച്ച രോഗിയുടെ ജീവൻ രക്ഷിച്ച് ആസ്റ്റർ റോയൽ അൽറഫ ഹോസ്പിറ്റൽ. വിവിധ മെഡിക്കൽ വിഭാഗങ്ങൾ നടത്തിയ സമയോജിത സേവനങ്ങളിലൂടെ 43 വയസ്സുകാരന്റെ ജീവനാണ് മസ്തിഷ്ക ക്ഷതം കൂടാതെ രക്ഷിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയെ കുഴഞ്ഞുവീണ് മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കുകയായിരുന്ന. രോഗിക്ക് നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും ഇല്ലായിരുന്നു. തുടക്കത്തിൽ 15 മിനിറ്റ് നേരം, അത്യാഹിത വിഭാഗം കാർഡിയോ പൾമണറി റെസിറ്റേഷന് (സി.പി.ആർ) നൽകി. സ്ഥിരത കൈവരിച്ച ശേഷം, രോഗിയെ ശ്വസന പിന്തുണക്കായി വെന്റിലേറ്ററുമായി ബന്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ജീവന് അപകടപ്പെടുത്തുന്ന അപ്രതീക്ഷിതവും ക്രമരഹിതവുമായ ഹൃദയതാളം തുടരുന്നതായി കണ്ടെത്തിയതോടെ ഉടനടി ഡിഫിബ്രില്ലേഷനും മറ്റ് മരുന്നുകളും നൽകി. ആരോഗ്യസ്ഥിതിയിൽ പുരോഗയിയുണ്ടായതിനെ തുടർന്ന് രോഗിയെ അടിയന്തര കൊറോണറി ആൻജിയോഗ്രാമിന് വിധേയനാക്കി. ഡോ. മെഹർ അലിയുടെയും കാർഡിയോളജി ടീമിന്റെയും നേതൃത്വത്തിലായിരുന്നു പരിചരണം. തീവ്രമായ വൃക്ക തകരാറും ഉൾപ്പെടെയുള്ള വെല്ലുവിളികളും രോഗി നേരിടുകയുണ്ടായി. നെഫ്രോളജി ടീമും ഐ.സി.യു ജീവനക്കാരും പ്രത്യേക പരിചരണം നൽകി രോഗിയെ നിരീക്ഷിച്ചു. 48 മണിക്കൂറിനു ശേഷം വെന്റിലേറ്ററിൽനിന്നും മാറ്റിയ രോഗിക്ക് ന്യൂറോളജിക്കൽ പ്രശ്നങ്ങളൊന്നുമില്ലാതെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി പ്രകടിപ്പിച്ചുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഞങ്ങളുടെ ടീമിന്റെ അചഞ്ചലമായ സമർപ്പണം, ആശുപത്രിക്ക് പുറത്തുള്ള പരിശ്രമങ്ങൾ, എമർജൻസി പി.സി.ഐ, നിലവിലുള്ള ഐ.സി.യു പരിചരണംവരെയുള്ള കാര്യങ്ങൾ കൃത്യമായി നൽകാൻ കഴിഞ്ഞതാണ് രോഗിയെ രക്ഷിക്കാനായതെന്ന് ആസ്റ്റർ റോയൽ അൽ റഫാ ഹോസ്പിറ്റൽ (മെഡിക്കൽ സർവിസസ്) മെഡിക്കൽ ഡയറക്ടർ ഡോ. ദിലീപ് അബ്ദുൽ ഖാദർ പറഞ്ഞു. സമഗ്രമായ ഹൃദയ പരിചരണത്തിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ പ്രതിധ്വനിപ്പിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. ഡോ. മെഹർ അലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ഷാരിഖ് അഹമ്മദ് (സ്പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റ്), ഡോ. രാജഗോപാൽ (സ്പെഷലിസ്റ്റ് അനസ്തേഷ്യോളജിസ്റ്റ്), ഡോ. അർഷ ഏലിയാസ് (ഇ.ഡി ഫിസിഷ്യൻ), ഡോ. ലേഖ ഗോപാൽ (അനസ്തേഷ്യോളജി വിഭാഗം മേധാവി), ഡോ. മുഹമ്മദ് ഫാറൂഖ് അഹമ്മദ് (സ്പെഷലിസ്റ്റ് നെഫ്രോളജിസ്റ്റ്), ഇ.ഡി നഴ്സുമാർ, ഐ.സി.യു നഴ്സുമാർ, ഡ്യൂട്ടി ഡോക്ടർമാർ എന്നിവരാണുണ്ടായിരുന്നത്.