മനാമ: കോവിഡ് വ്യാപനത്തിൽനിന്ന് പ്രവാസികളെ രക്ഷിക്കാനുള്ള ഏക മാർഗം അവരെ എത്രയും വേഗം നാട്ടിലെത്തിക്കുകയാണെന്ന് ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം ഗൾഫ് രാജ്യങ്ങളിലെ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പ്രവാസികളെ ഇപ്പോൾ നാട്ടിൽ എത്തിച്ചില്ലെങ്കിൽ കൂടുതൽ രോഗം കൂടുതൽ പേർക്ക് പകരാൻ സാധ്യതയുണ്ട്. പ്രവാസികളെ നാട്ടിൽ കൊണ്ടുപോകുമ്പോൾ ഗുരുതര അസുഖം ഉള്ളവർ, പ്രായമായവർ, ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞവർ, വീട്ടുജോലിക്കാർ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിൽ എത്തിയവർ എന്നീ ക്രമത്തിൽ മുൻഗണന നൽകണം. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് തൊഴിൽ നഷ്ടപെട്ടവർക്കും കോവിഡ് രോഗികൾക്കും സാമ്പത്തിക സഹായം നൽകണം. ഇതിനായി കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം. ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.