ദില്ലി: സാധാരണ പ്രവാസികൾക്ക് നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്ഥകളടങ്ങിയ പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് ‘ദി രജിസ്ട്രേഷൻ ഓഫ് മാര്യേജ് ഓഫ് നോൺ റസിഡൻറ് ഇന്ത്യൻ ബിൽ 2019’ രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ലോക്സഭയുടെ പരിഗണനയിലാണ്. കഴിഞ്ഞ ഒക്ടോബർ നാലിനാണ് ബിൽ ലോക്സഭ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടത്. റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി രണ്ടു മാസമാണ്. ഡിസംബർ ആദ്യം റിപ്പോർട്ട് സമർപ്പിക്കും. വിദേശങ്ങളിൽ നടന്ന വിവാഹങ്ങൾ മറച്ചുവെച്ച് ഇന്ത്യയിൽ വന്ന് കല്യാണം കഴിച്ച് സ്ത്രീകളെ വഴിയാധാരമാക്കുന്നതിനെതിരെയാണ് പുതിയ ബില്ലെന്നാണ് സർക്കാർ പറയുന്നത്.
മിക്ക പ്രവാസികൾക്കും വിവാഹത്തിനായി കുറഞ്ഞ ദിവസങ്ങളേ നാട്ടിൽ വരാൻ കഴിയുന്നുള്ളൂ. ബില്ലിലെ വ്യവസ്ഥപ്രകാരം പ്രവാസികൾ 30 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ പാസ്പോർട്ട് തടഞ്ഞുവെക്കുകയോ റദ്ദാക്കുകയോ ചെയ്യും. നാട്ടിലാണ് വിവാഹമെങ്കിൽ നാട്ടിലും വിദേശത്താണെങ്കിൽ ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ കോൺസുലേറ്റ് പോലുള്ള ഓഫിസിലോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. ബില്ലിലെ വ്യവസ്ഥ പ്രകാരം പ്രവാസിക്ക് അയച്ച സമൻസ് നേരിട്ട് കൈപ്പറ്റിയില്ലെങ്കിൽ, വിദേശകാര്യ വകുപ്പ് നിശ്ചയിക്കുന്ന വെബ്സൈറ്റിൽ സമൻസ് അപ്ലോഡ് ചെയ്താൽ മതി.
കോടതിയിൽ ഹാജരായില്ലെങ്കിൽ വെബ്സൈറ്റിലൂടെ അറസ്റ്റ് വാറൻറ് പ്രസിദ്ധപ്പെടുത്തി പ്രവാസിയെ അറസ്റ്റ്ചെയ്യാം. വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനാൽ പ്രവാസിയെ നാടുകടത്തി ഇന്ത്യയിൽ എത്തിക്കാം. ഇതിലൂടെ പ്രവാസിയുടെ ജോലി നഷ്ടമാവാനും സാധ്യതയേറെയാണ്.ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും വിവാഹ രജിസ്ട്രേഷന് സമയപരിധിയുണ്ട്. ഇത് കഴിഞ്ഞാൽ പിഴയോടെ രജിസ്റ്റർ ചെയ്യാം. എന്നാൽ, ബിൽ പ്രകാരം കാലാവധിക്കു ശേഷം പിഴയടച്ച് രജിസ്റ്റർ ചെയ്യാനാവില്ല.
സാധാരണ ഇന്ത്യക്കുപുറത്ത് 182 ദിവസം താമസിച്ചാലാണ് ഒരാൾ ഔദ്യോഗികമായി പ്രവാസിയാകുന്നത്. എന്നാൽ, ബില്ലിൽ പ്രവാസി എന്നതിന് ഇത്തരമൊരു നിർവചനമില്ലെന്നുമാത്രമല്ല, ഇന്ത്യക്കുപുറത്ത് താമസിക്കുന്ന ആൾ എന്നു മാത്രമാണ് പ്രവാസിയെ നിർവചിക്കുന്നത്. ഇതിനാൽ, വിസിറ്റ് വിസയിലുള്ള ആൾ പോലും ബിൽ പ്രകാരം കടുത്ത നിയമനടപടികൾക്കു വിധേയരാകും. ഉപജീവനത്തിന് പ്രവാസികളായവർ വിദേശങ്ങളിൽനിന്ന് വിവാഹം കഴിക്കാൻ പറ്റിയ സാഹചര്യമുള്ളവരെല്ലന്ന് ഖത്തർ പ്രവാസിയും സാമൂഹികപ്രവർത്തകനുമായ റഊഫ് കൊണ്ടോട്ടി പറയുന്നു.