തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തിലുള്ള നീക്കങ്ങളെന്നും ഇത് താന്‍ കൗതുകത്തോടെയാണ് കാണുന്നതെന്നും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ എം.പി.
പിണറായിയുടെ ഇത്തരം നിലപാടുകളോടുള്ള തന്റെ പ്രതികരണം ‘നമുക്ക് കാണാം’ എന്ന് മാത്രമാണ്. ഭീഷണിപ്പെടുത്താന്‍ ആകും വിധം ശ്രമിച്ചോളൂ. നിങ്ങള്‍ക്ക് മുന്‍പും പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമമാണത്. തനിക്ക് പിണറായിയോടുള്ള എതിര്‍പ്പ് രാഷ്ട്രീയപരമാണ്. സി.പി.എമ്മിന്റ സ്റ്റാലിനിസ്റ്റ് ഹിംസാത്മക രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിന് മോചനം ലഭിക്കണം എന്ന വിശ്വാസത്തില്‍ നിന്നുമാണ് ആ എതിര്‍പ്പ് ഉണ്ടാകുന്നത്.
കേരളവും അതിന്റെ യുവജനതയും കര്‍ഷകരും മറ്റു അടിസ്ഥാന വര്‍ഗവുമൊക്കെ പ്രതീക്ഷിക്കുന്നത് ശോഭനമായ ഭാവി ഉറപ്പുവരുത്തുന്ന സര്‍ക്കാരിനെയാണ്. അല്ലാതെ കൊലപാതകങ്ങളുടെയും ഭീഷണിയുടെയും അഴിമതിയുടെയും ഇന്നലെകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ല. സി.പി.എമ്മിന്റെ അന്ത്യം അടുത്ത് കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭീഷണികള്‍ കൊണ്ട് ആ യാഥാര്‍ത്ഥ്യത്തെ മൂടി വെക്കാനോ മാറ്റിമറിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.