മനാമ: രാജ്യത്തെ പൗരന്മാരോടൊപ്പം തന്നെ വിദേശികൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്ന ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു. കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ പെട്ട് ബുദ്ധിമുട്ടിലായ നിരവധി പ്രവാസികൾക്ക് വിവിധ സംഘടനകൾ വഴി ഭക്ഷ്യ കിറ്റ് ഉൾപ്പെടയുള്ള സഹായങ്ങൾ എത്തിക്കുന്നതിൽ ഗവർണറേറ്റ് ശ്രദ്ധ ചെലുത്തിയിരുന്നു.
റമദാൻ കാലത്തും അതുപോലെ തന്നെ സംഘടനകൾ വഴി ഇഫ്താർ കിറ്റുകളും നൽകുന്നതിന് ഗവർണറേറ്റ് പ്രതിനിധികൾ ശ്രദ്ധ ചെലുത്തി. പ്രവാസികളോടുള്ള ഈ കരുതലിന് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നു എന്ന് ബഹ്‌റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി. സഹായങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് നേരിട്ട് മുൻകൈയെടുത്ത ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫോർമേഷൻ വിഭാഗം ആക്റ്റിംഗ് ഡയറക്റ്ററായ ശ്രീ യൂസഫ് ലൗറിക്കും , ശ്രീ ആൻറണി പൗലോസിനും ബഹ്‌റൈൻ പ്രതിഭയുടെ ഉപഹാരം ഗവർണറേറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ എന്നിവർ ചേർന്ന് സമർപ്പിച്ചു.ബഹ്‌റൈൻ പ്രതിഭയുടെ സാമൂഹിക ഇടപെടലുകളിൽ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തിയ പ്രതിനിധികൾ തുടർന്നുള്ള നാളുകളിലും സാധ്യമായ മേഖലകളിലെല്ലാം ഒത്തുചേർന്നു പ്രവർത്തിക്കാം എന്നും ഉറപ്പ് നൽകി.