കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ നിയന്ത്രണങ്ങൾ വരുന്നു

By : JT

കുവൈറ്റ്‌ : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ ജനങ്ങളൊത്തുകൂടുന്ന റെസ്റ്റോറന്റുകളിലും , വാണിജ്യ സമുച്ചയങ്ങളിലും വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനാനുമതിയെന്ന മന്ത്രിസഭാ തീരുമാനം ഞായറാഴ്ച മുതല്‍ നടപ്പിലാക്കും.
6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കാൻ കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചവരെയും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിലുള്ളവരെയും അനുവദിക്കും . കൂടാതെ റെസ്റ്റോറന്റുകൾ, കഫേകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ എന്നിവിടങ്ങിലും ഈ നിയമം പ്രാബല്യത്തിൽ വരും .
തീരുമാനം നടപ്പിലാക്കുന്നതിനായി വാണിജ്യ സമുച്ചയങ്ങളുടെ പ്രവേശന കവാടങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഫീല്‍ഡ് ടീമുകളെ നിയോഗിക്കുമെന്ന് സമിതിയുടെ ഉപ ചെയര്‍മാനും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറലുമായ അഹമ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷന്‍, അല്ലെങ്കില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ‘മന്ന’ ആപ്ലിക്കേഷന്‍ എന്നിവ ജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യണം. കുത്തിവെപ്പെടുത്തെന്ന് തെളിയിക്കുന്നതിനായി ഇതില്‍ ഏതെങ്കിലും ഒന്ന് ഫീല്‍ഡ് ടീമിനെ കാണിക്കേണ്ടതാണ്.
പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുളള മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും അല്‍ മന്‍ഫൂഹി ആവശ്യപ്പെട്ടു.