ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ മുന്നൊരുക്കം; കേന്ദ്രം കത്തയച്ചു

ന്യൂഡൽഹി : കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മുന്നൊരുക്കം. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങൾ തേടിയാണ് കത്ത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം ഇതിനായി നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാവും നടപടികൾ.

ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കിയിരുന്നു. രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചാൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽപോലും 9,600 പേരെ മുതൽ 27,600 പേരെ വരെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടിവരും. തിരികെയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഈ റജിസ്ട്രേഷൻ കൊണ്ട് ടിക്കറ്റ് ബുക്കിങ്ങിൽ മുൻഗണന ലഭിക്കില്ല. സൈറ്റ് നിർമാണഘട്ടത്തിലാണ്. മാർഗനിർദേശങ്ങൾ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു.

മാർഗ നിർദേശങ്ങൾ  ഇങ്ങനെ:

വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവർ ഉണ്ടെങ്കിൽ അവരെ ക്വാറന്റീൻ സെന്ററിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെ ഈ സെന്ററുകളിൽ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവർ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിലെത്താൻ ബന്ധുക്കൾക്ക് അനുവാദമുണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആവശ്യമുള്ളവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്റീൻ ചെയ്യാം. കേരളത്തിലേക്കു വരുന്ന പ്രവാസികൾ യാത്ര തിരിക്കുന്നതിനു മുൻപ് എത്ര ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സർവീസ് പ്ലാൻ, ബുക്കിങ്ങിന്റെ എണ്ണം, കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനക്കമ്പനികൾ തുടങ്ങിയവരുമായി ചർച്ച ചെയ്യണം. വിമാനടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം. പ്രവാസികളെ വിമാനത്താവളത്തിൽ സ്ക്രീനിങ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് തയാറാക്കണം. കേരളത്തിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്കും പ്രോട്ടോക്കോൾ തയാറാക്കണം.

മടങ്ങിയെത്തുന്ന പ്രവാസികളുടെ മുൻഗണനാക്രമം ഇങ്ങനെ:

∙ വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവർ
∙ വയോജനങ്ങൾ
∙ ഗർഭിണികൾ
∙ കുട്ടികൾ
∙ രോഗികൾ
∙ വീസ കാലാവധി പൂർത്തിയായവർ
∙ കോഴ്സുകൾ പൂർത്തിയായ സ്റ്റുഡന്റ് വീസയിലുള്ളവർ
∙ ജയില്‍ മോചിതർ
∙ മറ്റുള്ളവർ