ദമ്മാം: കൊറോണ മഹാമാരി മൂലം സൗദിക്ക് പുറമെ, യുഎഇയും, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് വരാനുള്ള അനുമതി അവസാനിപ്പിച്ചതോടെ, ജോലിയിൽ തിരികെ പ്രവേശിയ്ക്കാൻ സൗദിയിലേയ്ക്ക് വരാൻ മാർഗ്ഗമില്ലാതെ ദുരിതത്തിലായ സൗദി പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടലുകൾ നടത്തണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വർഷമായി നിർത്തലാക്കിയ, ഇന്ത്യയിൽ നിന്നും സൗദിയിലോട്ടുള്ള വിമാനസർവ്വീസ്, പുനഃരാരംഭിയ്ക്കാൻ വേണ്ട നയതന്ത്ര ഇടപെടലുകൾ വിജയകരമായി നടത്താൻ കേന്ദ്രസർക്കാരിന് ഇതുവരെയും കഴിയാത്തത് ലജ്ജാകരമാണ്. മറ്റു പല രാജ്യങ്ങളും സൗദിയുമായുള്ള നയതന്ത്രബന്ധം ഉപയോഗപ്പെടുത്തി, എയർ ബബിൾ സംവിധാനം നടപ്പിലാക്കി വിമാനസർവീസ് നടത്തുമ്പോൾ, അത്തരം സംവിധാനം ഉണ്ടാക്കുന്നതിൽ ഇന്ത്യൻ ഭരണകൂടം തികഞ്ഞ പരാജയമാണ്.
റഷ്യ, ഉസ്‌ബെക്കിസ്ഥാൻ, അസര്‍ബൈജാന്‍, അര്‍മേനിയ, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ വഴി വളഞ്ഞ വഴി സൗദിയിലേക്ക് പോകാനായി ലക്ഷങ്ങളുടെ ചിലവുണ്ട്. സാധാരണ പ്രവാസികൾക്ക് അതിനു കഴിയാറില്ല. മാത്രമല്ല ഓൺഅറൈവൽ വിസ നിയമങ്ങളുടെയും, കൊറോണ രോഗബാധ മൂലം ഇപ്പോഴും മാറുന്ന നിയന്ത്രണങ്ങളും ഒക്കെ കാരണം, ഈ രാജ്യങ്ങൾ വഴിയുള്ള യാത്രയ്ക്ക് സുരക്ഷിതത്വമോ, ഉറപ്പോ ഇല്ല. ഇത്തരത്തിൽ യാത്ര ചെയ്യുന്ന പ്രവാസികളെ ചില ഏജൻസികളും, വ്യക്തികളും ചൂഷണം ചെയ്യുന്നതായി പരാതിയും ഉയരുന്നുണ്ട്.
മാസങ്ങൾക്ക് മുൻപ് വെക്കേഷന് വന്നിട്ട് തിരികെ പോയി ജോലിയിൽ പ്രവേശിയ്ക്കാനാകാതെ, നാട്ടിൽ കുടുങ്ങി, സാമ്പത്തികപ്രതിസന്ധിയിലായ പതിനായിരക്കണക്കിന് സൗദി പ്രവാസികളുടെ പ്രശ്‍നങ്ങൾ അധികാരികൾ തിരിച്ചറിയണം. തിരിച്ചു പോകാൻ കഴിയാത്ത ആയിരങ്ങൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഒരുപാട് പേർ വിസ കാലാവധി അവസാനിയ്ക്കാൻ പോകുന്നത് കാരണം മാനസിക സമ്മർദ്ദം നേരിടുന്നുണ്ട്.
ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസ് പുനഃരാരംഭിയ്ക്കുക, തിരിച്ചു പോകാൻ കഴിയാത്തതിനാൽ ജീവിതപ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക, കൊറോണ ബാധിതരായി മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായം നൽകുക, കേന്ദ്രസർക്കാർ പ്രവാസികൾക്കായി പുനഃരധിവാസ പാക്കേജ് പ്രഖ്യാപിയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും അറിയിച്ചു.