ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ഹോട്ടലിന്റെ ഉടമ, ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ തുടങ്ങി റിതേഷിന് ഇപ്പോൾ വിശേഷണങ്ങൾ ഏറെയാണ്. 630 കോടിയാണ് ജപ്പാൻ കമ്പനിയായ സോഫ്ട് ബാങ്ക് ഓയോ റൂംസിൽ ഈയിടെ നടത്തിയ നിക്ഷേപം.
പഠനം പൂർത്തിയാകുന്നതിനു മുൻപേ റിതേഷ് അഗർവാളിനു ബിസിനസ് കമ്പം കയറി. അതും ചെറിയ ബിസിനസ് അല്ല, വലുതുതന്നെ ആഗ്രഹിച്ചു – ഹോട്ടൽ ബിസിനസ്. ഗുഡ്ഗാവിലെ കുഞ്ഞു ഹോട്ടലിൽനിന്നു തുടങ്ങി. ‘ഓൺ യുവർ റൂം’ എന്നു പേരും നൽകി. 21ആം വയസ്സിൽ അങ്ങനെ കുഞ്ഞു ഹോട്ടലിന്റെ ഓണറും ക്ലീനറും ചിലപ്പോൾ ബേബി സിറ്റർ വരെയായി റിതേഷ്.
വീണ്ടും ചിന്തിച്ചപ്പോൾ ഹോട്ടലില്ലാതെ ഹോട്ടൽ ബിസിനസ് ചെയ്താലോ എന്നു തോന്നി. ഹോട്ടൽ എന്നതിനപ്പുറത്തേക്കു റൂം എന്ന ചിന്ത ക്ലിക്കായി. അങ്ങനെ ചെലവഴിക്കുന്ന സമയത്തിനു മാത്രം പണം നൽകേണ്ട കുറഞ്ഞ ചെലവിലുള്ള എന്നാൽ, എല്ലാ സൗകര്യങ്ങളുമുള്ള ഹോട്ടൽ റൂമിന്റെ നെറ്റ്വർക്കിനു തുടക്കമിട്ടു റിതേഷ്, ഇന്ത്യ മുഴുവനും. ഇപ്പോൾ 250 നഗരങ്ങളിൽ ‘ഓയോ റൂംസ്’ സാന്നിധ്യമുണ്ട്.
999 രൂപ മുതലാണ് ഓയോ റൂംസിൽ വാടക തുടങ്ങുന്നത്. ഓയോ റൂംസ് ആപ്പിലൂടെയുള്ള എവിടെനിന്നും റൂമുകൾ ബുക്ക് ചെയ്യാം. പ്രത്യേക ഓഫറുകളും ഉണ്ടാകും. ഐഐഎമ്മിൽനിന്നു ചാടിപ്പോന്ന 20 പേരും ഐഐടിയിൽനിന്നു കോഴ്സ് കഴിയാൻ കാത്തുനിൽക്കാതെ ഇറങ്ങിയ 200 പേരുമാണ് ഉയർന്ന വേതനത്തിൽ ഓയോ റൂംസിൽ ഇപ്പോൾ ജോലി ചെയ്യുന്നത്.