ദുബായ്: റോഡ് അപകടകാരണങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ് അധികൃതർ. അപകടത്തില്‍ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യമായി കണ്ടെത്തുന്നതാണ് പുതിയ സംവിധാനം. ഇതിനെ പറ്റിയുള്ള വിശദവിവരങ്ങൾ ദുബായില്‍ നടക്കുന്ന സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്സ് മേളയില്‍ പോലീസ് അവതരിപ്പിച്ചു.ഇതിന്റെ 90 ശതമാനം പരീക്ഷണവും പൂര്‍ത്തിയായതായി ദുബായ് പോലീസ് വക്താവ് അറിയിച്ചു.പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിലവില്‍ സംവിധാനം ഉണ്ട്. എന്നാല്‍ ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചത് എന്ന തര്‍ക്കത്തിന് പോലീസ് സ്റ്റേഷനുകളിലാണ് പരിഹാരം ഉണ്ടാകുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഡ്രൈവര്‍മാര്‍ക്ക് പോലീസ് സ്റ്റേഷനിൽ പോകുന്നത് ഒഴിവാക്കാനാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സിന്റെ സഹായത്തോടെയാണ് പുതിയ സാങ്കേതിക വിദ്യ ദുബായ് പോലീസ് വികസിപ്പിച്ചിരിക്കുന്നത്. ആരുടെ വീഴ്ച മൂലമാണ് അപകടം ഉണ്ടായതെന്ന് കൃത്യമായി കണ്ടെത്താനും നടപടി ക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയവും പോലീസിന് ലാഭിക്കാനും സാധിക്കും. ദുബായ് പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പുതിയ സംവിധാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.പുതിയ സംവിധാനത്തിലൂടെ ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. അപകടമുണ്ടായാല്‍ പോലീസ് ആപ്പില്‍ ഫോട്ടോകള്‍ക്കൊപ്പം മറ്റ് വിവരങ്ങളും നൽകാം. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിന്റെ കാരണം വേഗത്തില്‍ മനസിലാക്കാന്‍ പുതിയ സംവിധാനത്തിലൂടെ അധികൃതർക്ക് കഴിയും. അപകടം വരുത്തിയവര്‍ക്ക് ചുവന്ന സ്ലിപ്പും തെറ്റ് ചെയ്യാത്തവര്‍ക്ക് പച്ച സ്ലിപ്പും ഉള്‍പ്പെടെയുള്ള ആക്സിഡന്റ് റിപ്പോര്‍ട്ടും ഉടന്‍ ലഭ്യമാക്കും.