റാസൽഖൈമ: ബാര്‍ബർ ഷോപ്പിൽ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ഒടുവിൽ എത്തിച്ചേര്‍ന്നത് ജയിലില്‍. റാസല്‍ഖൈമയിലായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടാന്‍ ആവശ്യപ്പെട്ടു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
പരിഭ്രാന്തനായ ബാര്‍ബര്‍ നാഷണല്‍ ആംബുലന്‍സുമായി ബന്ധപ്പെട്ടു. ഉടന്‍ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. രക്ത പരിശോധനയിലാണ് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ച യുവാവ് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ കിട്ടിയതെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെടുത്തു. സിറിഞ്ചുകളിലും മയക്കുമരുന്നിന്റെ അംശമുണ്ടായിരുന്നു. ഇതോടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
ഇരുവരെയും പൊലീസ് പിന്നീട് പ്രോസിക്യൂഷന് കൈമാറി. പിടിച്ചെടുത്ത സിറിഞ്ചുകള്‍ ഉള്‍പ്പെടെയാണ് തെളിവുകളായി ശേഖരിച്ചത്. മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഇവരുടെ ഒരു പെണ്‍സുഹൃത്തിനെയും പ്രതിചേര്‍ത്തു. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും രണ്ടുവര്‍ഷം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. പ്രതിയായ യുവതിയില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.