മസ്കറ്റ് :റൂവി മലയാളി അസോസിയേഷനും ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ റൂവി ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. ബുധനാഴ്ച്ച വൈകീട്ട് 4 മണി മുതൽ 9 മണി വരെയായിരുന്നു രക്തദാനം.ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലും, രക്തം നല്‍കുന്നവരുടെ കുറവ് കാരണം സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലുണ്ടാവുന്ന രക്ത ദൗര്‍ലഭ്യത്തിനു പരിഹാരമായി റൂവി മലയാളി അസോസിയേഷൻ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുക വഴി കൂടുതൽ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയാണ് റൂവി മലയാളി അസോസിയേഷൻ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി രെജിസ്ട്രേഷൻ ആരംഭിക്കുകയും അനവധി പേർ രെജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ സമയക്കുറവിനെ തുടർന്ന് രജിസ്റ്റർ ചെയ്തവരിൽ 80 പേർക്കേ ആദ്യ ഘട്ടം എന്ന രീതിയിൽ രക്തം ദാനം ചെയ്യാൻ കഴിഞ്ഞത് എന്ന് ഭാരവാഹികൾ പറഞ്ഞു.രക്‌തദാനത്തിന്റെ മഹത്മ്യം തിരിച്ചറിഞ്ഞു കൊണ്ട് ക്യാമ്പിൽ തടിച്ചു കൂടിയ 100 കണക്കിന് വിദേശികളും സ്വദേശികളുമായ ആളുകളിൽ പലർക്കും തിരക്ക് മൂലം രക്തം നൽകാൻ കഴിയാതെ നിരാശയോടെ മടങ്ങേണ്ടി വന്നു.റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ സന്തോഷ് രക്തദാനത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ആസിഫ്, ഷാജഹാൻ, നീതു ജിതിൻ, എബി, സുഹൈൽ, ബെന്നറ്റ്, പ്രദീപ്, സൂരജ് സുകുമാർ, സച്ചിൻ, ഷൈജു, നസീർ എന്നിവർ രക്തദാനം ക്യാമ്പിന് നേതൃത്വം നൽകി.