ഒമാൻ : കൈരളി റൂവിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ” റൂവി കപ്പ് 2023 ” ഫുട്ബോൾ ടൂർണമെന്റിൽ അൽ അൻസാരി എഫ് സി ജേതാക്കളായി. നെസ്റ്റോ സെന്ന എഫ് സി റണ്ണർ അപ്പും, എഫ് സി കേരള മൂന്നാം സ്ഥാനവും നേടി . ഫ്രന്റി മൊബൈലും ഫാൽക്കൻ പ്രിന്റെഴ്സുമായിരുന്നു ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ. സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും വൻവിജയമായിരുന്നു ടൂർണമെന്റ്. ദാർസൈറ്റിലെ അൽ സാഹിൽ ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരം ഒമാൻ ദേശീയ ടീം അംഗം അഹമ്മദ് ഫരാജ് അൽ റവാഹി ഉത്ഘാടനം ചെയ്തു. അഭിലാഷ് ശിവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫ്രന്റി മൊബൈൽ മാർക്കറ്റിംഗ് ഹെഡ് ഹമൂദ്, ഇന്ത്യൻ സ്ക്രൂൾ ബോർഡ് മെമ്പർ നിധീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. വരുൺ നന്ദിയും രേഖപെടുത്തി. മത്സര വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, അനു ചന്ദ്രൻ, റെജി ഷാഹുൽ കൂടാതെ മറ്റ് കമ്മിറ്റി അംഗങ്ങളും കൂടി വിതരണം ചെയ്തു. സാമൂഹ്യ ക്ഷേമ രംഗത്ത് നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാറുള്ള കൈരളി റൂവി കൂട്ടായ്മ കായിക രംഗത്തും വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഇത്തരം മികവുറ്റ പരിപാടികളുമായി ഇനിയും റൂവി കൂട്ടായ്മ മുൻപോട്ട് വരുമെന്നും ഇത്തരം പരിപാടികളിൽ നിന്ന് ലഭിക്കുന്ന തുക സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കാണ് നീക്കി വയ്ക്കാറുള്ളത് എന്നും സംഘാടകർ പറഞ്ഞു. ടൂർണമെന്റ് വൻവിജയമാക്കിയ മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകർ അറിയിച്ചു