മനാമ: അവധിക്കാല ദിനങ്ങൾ എങ്ങിനെ പ്രയോജനപ്രദമാക്കാം എന്നതിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സിന് തുടക്കമായി.റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന ഉൽഘാടന പരിപാടികൾ മുഹമ്മദ് ബിൻ രിസാലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു.അബ്ദു ലത്വീഫ് സി.എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ അദ്ധ്യക്ഷത വഹിച്ചു.കോഴ്സിന്റെ ഉൽഘാടനം സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ് നിർവഹിച്ചു.പഠിതാക്കളുടെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന ഇത്തരം പരിപാടികൾ വിജ്ഞാനപ്രദവും രസകരവുമായ ഒരു വേനൽക്കാലം അവർക്ക് നൽകു മാറാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.അദ്ധ്യാപകരുൾപ്പെടെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സേവനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം വിശദീകരിച്ചു. നാഥന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയെ അടിസ്ഥാനമാക്കിയുള്ള റയ്യാൻ സിലബസ് കുട്ടികളിൽ ഭൗതികവും ആത്മീയവുമായ വിജ്ഞാനം വർദ്ധിപ്പിക്കാൻ ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആഴ്ച്ചയിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മർ കോഴ്സിന്റെ ഉള്ളടക്കം സുഹാദ് ബിൻ സുബൈർ വിവരിച്ചു.സെന്റർ ദാഇ സമീർ ഫാറൂഖിയുടെ ഉൽബോധന പ്രഭാഷണത്തിന് ശേഷം അസി. സെക്രട്ടറി ഫഖ്റുദ്ദീൻ അലി അഹ്മദ് നന്ദി പ്രകാശിപ്പിച്ചു.