സലാല : കോവിഡ് പ്രതിസന്ധിയിൽ വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയപ്പോൾ സലാലയിൽ നിന്ന് വിമാനം അനുവദിക്കാതെ അവഗണിച്ചത് സലാലയിലെ പ്രവാസികളോട് ചെയ്യുന്ന അനീതിയാണെന്ന് സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മാസങ്ങളായി ജോലി നഷ്ട്ടപ്പെട്ടവരും അസുഖം ബാധിച്ചവരും വിസ കാലാവധി കഴിഞ്ഞവരുമായ ആയിരക്കണക്കിന് പ്രവാസികളാണ് സലാലയിൽ ഉള്ളത്. ഈ നിലയിൽ ഇനിയും ഗൾഫിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുള്ളവർ ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അവസരം വന്നപ്പോൾ സലാലയിലുള്ളവർക്ക് യാത്രാ സൗകര്യമില്ല. ഒമാനിൽ അനുവദിച്ച വിമാനം മസ്കറ്റിൽ നിന്നാണ് പുറപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ മസ്കറ്റിലേക്ക് ആയിരം കിലോ മീറ്റർ യാത്ര ചെയ്ത് എയർപോർട്ടിൽ എത്താൻ കഴിയില്ല. സലാലയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കണമെങ്കിൽ സലാലയിൽ നിന്ന് തന്നെ വിമാന സൗകര്യം ഏർപ്പെടുത്തണെമെന്ന് ജില്ലാ പ്രസിഡന്റ് മഹമൂദ് ഹാജി എടച്ചേരി ആക്റ്റിങ് ജനറൽ സെക്രട്ടറി ഹാഷിം കോട്ടക്കൽ എന്നിവർ ആവശ്യപ്പെട്ടു. കേന്ദ്ര കേരള സർക്കാരുകൾ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഇടപെടണമെന്നും ഇരുവരും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.