ഒമാൻ : : മഴയിൽ പ്രകൃതിക്കും മനസ്സിനും കുളിര് പകർന്ന് ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലത്തിന് തുടക്കമായി. ഇന്നു മുതൽ സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് രാജ്യത്തുനിന്നും പുറത്തുനിന്നുമായി ദോഫാറിൽ എത്തുക. ജി.സി.സി രാജ്യങ്ങളിൽ നിന്നാകും ഇത്തവണയും കൂടുതൽ ആളുകൾ എത്തുക. ഖരീഫിന്റെ വരവറിയിച്ച് സലാലയിലും ജബൽ പ്രദേശങ്ങളിലും ദിവസങ്ങൾക്ക് മുമ്പുതന്നെ മഴപെയ്തു തുടങ്ങിയിട്ടുണ്ട്. മനം നിറയെ പുതുമഴ ആസ്വദിക്കാനും ചാറ്റൽമഴയിലലിഞ്ഞ് സ്വയം മറക്കാനും സ്വദേശികളായ നിരവധി പേർ സലാലയിലെത്തും . ഖരീഫ് സീസണിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളാണ് റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങ്ങും പരിശോധനകളും ഏർപ്പെടുത്തും. അതേസമയം, ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്റെ ആഘോഷ പരിപാടികളെ കുറിച്ച് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ സലാലയുടെ പച്ചപ്പും തണുപ്പും നുകരാനെത്തിയത് എട്ടുലക്ഷത്തി പതിമൂവായിരം സന്ദർശകർ ആയിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.
സഞ്ചാരികളെ ആകർഷിച്ചു സലാല .. ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലത്തിന് തുടക്കമായി..
By : Ralish MR , Oman