മസ്കത്ത്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ അന്താരാഷ്ട്ര സര്‍വിസിന് തുടക്കമായി. ദുബൈയിലേക്കാണ് സര്‍വിസ് തുടങ്ങിയത്. എയര്‍ബസ് എ320 വിഭാഗത്തില്‍പെടുന്ന ഫത്താഹ് അല്‍ ഖൈര്‍ എന്ന വിമാനം വൈകുന്നേരം 5.35ന് മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നു.ദുബൈയിൽ എത്തിയ വിമാനത്തെ ദുബായ് എയർ പോർട്ട് പരമ്പരാഗത ശൈലിയായ വാട്ടർ സലൂട്ട് നൽകിയാണ് സ്വീകരിച്ചത്.
ഇന്നുമുതല്‍ രണ്ടു സര്‍വിസുകളാണ് ദുബെയിലേക്ക് ഉണ്ടാവുക. യാത്രക്കാരുടെ ബജറ്റിനിണങ്ങുന്ന അവസരങ്ങളാണ് സലാം എയര്‍ ദുബൈയിലേക്ക് ഒരുക്കുന്നതെന്ന് ഉദ്ഘാടന സര്‍വിസിന്‍െറ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സലാം എയര്‍ സി.ഇ.ഒ ഫ്രാങ്കോയിസ് ബ്യൂട്ട്ലിയര്‍ പറഞ്ഞു.മാര്‍ച്ച് അവസാനത്തോടെ മൂന്നാമത്തെ വിമാനം എത്തും. ഇതോടെ പാകിസ്താനിലേക്കും ജിദ്ദയിലേക്കും സര്‍വിസ് ആരംഭിക്കും. കറാച്ചി, സിയാല്‍കോട്ട്, മുള്‍ത്താന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലേക്കുള്ള സര്‍വിസിനെ കുറിച്ച ചോദ്യത്തിന് അതിന് ഏറെ ഉഭയക്ഷി ചര്‍ച്ചകളും മറ്റും ആവശ്യമാണെന്നായിരുന്നു സി.ഇ.ഒയുടെ മറുപടി.
മസ്കത്തില്‍നിന്ന് ദുബൈയിലേക്ക് 14.6 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ലൈറ്റ്, ഫ്രന്‍ഡ്ലി, ഫ്ളെക്സി വിഭാഗങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. രാവിലെയും വൈകുന്നേരവുമാണ് സര്‍വിസുകള്‍. വൈകുന്നേരം സലാലയില്‍നിന്ന് വരുന്ന വിമാനമാകും ദുബൈയിലേക്ക് പോവുക. സലാലയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇതുവഴി വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവരില്ല.
50 മിനിറ്റാണ് മസ്കത്തിലെ സ്റ്റോപോവര്‍ ടൈം.