മസ്കത്ത്:ഒമാന്റെ ബഡ്ജറ്റ് എയർ ലൈൻ കംബനിആയ സലാം എയര്‍, ടിക്കറ്റ് വില്പന ഉടന്‍ ആരംഭിക്കും എന്ന് കമ്പനി അധികൃതർ ട്വിറ്ററില്‍ അറിയിച്ചു. വിമാനങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയണെന്നും ടിക്കറ്റ് വില്പന വൈകാതെ ആരംഭിക്കുമെന്നും സലാം എയര്‍ അധികൃതര്‍ അറിയിച്ചു. സര്‍വിസ് ആരംഭിക്കുന്നതിന് വേണ്ട ബാക്കി കാര്യങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കും. സ്വദേശികള്‍ക്ക് ഒപ്പം വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് സലാം എയറിന്‍െറ വരവുകാത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മസ്കത്തില് സലാലയിലേക്ക് നാലു പ്രതിദിന സര്‍വിസുകളായിരിക്കും കമ്പനി നടത്തുക. ഒപ്പം ദുബൈ, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വിസുകളും ഉണ്ടാകും. കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് കമ്പനി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. 15 റിയാല്‍ മുതലാകും സലാം എയറിന്‍െറ ടിക്കറ്റ് നിരക്കുകള്‍. ബുക് ചെയ്യുന്ന തീയതി, യാത്രക്കാരുടെ തിരക്ക് തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്ത് മാത്രമാകും കുറഞ്ഞ നിരക്ക് ലഭിക്കുക. ഇക്കോണമി സീറ്റുകള്‍ മാത്രമുണ്ടാകുന്ന വിമാനത്തില്‍ ലഗേജുകളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിരക്കുകളടക്കം ഏര്‍പ്പെടുത്തുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. വര്‍ധിക്കുന്ന വിമാനയാത്രികരുടെ എണ്ണം കണക്കിലെടുത്താണ് ബജറ്റ് വിമാന കമ്പനിക്ക് രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. മസ്കത്ത് നാഷനല്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ് കമ്പനിയുടെ കീഴിലുള്ള സലാം എയറിന് ഈ വര്‍ഷം ആദ്യത്തിലാണ് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ മൂന്ന് എയര്‍ബസ് എ320 വിമാനങ്ങളാണ് സര്‍വിസ് നടത്തുക.