സാം സാമുവല്‍ അടൂരിന്റെ കുടുംബത്തിന് ബഹ്റൈന്‍ കെ.എം.സി.സി ഒരു ലക്ഷം രൂപ നല്‍കും

മനാമ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊവിഡ് ബാധിച്ച് മരിച്ച സബര്‍മതി കള്‍ച്ചറല്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സാം സാമുവല്‍ അടൂരിന്റെ കുടുംബത്തിന് ബഹ്റൈന്‍ കെ.എം.സി.സി ഒരു ലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു. ഈ പ്രതിസന്ധി കാലത്തും പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ ഓടിനടന്ന സാമിന്റെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വന്തം ജീവന്‍ പോലും നേക്കാതെയാണ് അദ്ദേഹം കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നത്. ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ ഒരാളുടെ കുടുംബം അദ്ദേഹത്തിന്റെ വിയോഗം കാരണം ദുരിതമനുഭവിക്കരുതെന്നും ഏവര്‍ക്കും കൈത്താങ്ങാവാന്‍ നാം ശ്രമിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലധികമായി ബഹ്റൈന്‍ കാരുണ്യ രംഗത്ത് സജീവമായിരുന്ന സാം സാമുവല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊവിഡ് ബാധിച്ചത് മരിച്ചത്. ബഹ്റൈന്‍ പ്രവാസി സംഘടനകള്‍ക്കിടയിലും നേതാക്കന്‍മാര്‍ക്കിടയിലും സുപരിചതനായിരുന്ന സാമുവലിന്റെ വിയോഗം ഏവരെയും ദു:ഖത്തിലാഴ്ത്തിയിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള കൂടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സാം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴും സ്വന്തം കുടുംബത്തിന് ഒന്നും മാറ്റിവയ്ക്കാന്‍ മറന്നുപോയ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങാവാന്‍ മറ്റ് കാരുണ്യ സംഘനകളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.