രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് എത്തിയാൽ മതി

മസ്​കറ്റ് : കോവിഡ് 19​ നിർണയത്തിനായി മസ്‌കറ്റിലെ മത്രയിൽ ഒരുക്കിയിരിക്കുന്ന പ്രത്യക പരിശോധന കേന്ദ്രങ്ങളിൽ വൈറസ്​ ബാധയുടെ ലക്ഷണങ്ങളുള്ളവർ മാത്രം ഇപ്പോൾ എത്തിയാൽ മതിയെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്​ എന്നിവയാണ്​ കോവിഡി​​ന്റെ പ്രാഥമിക ലക്ഷണങ്ങൾ. ഇൗ ലക്ഷണങ്ങൾ ഉള്ളവർക്കുള്ള പരിശോധനയും സാമ്പിൾ ശേഖരണവുമാണ്​ ഇപ്പോൾ നടക്കുന്നതെന്നും മറ്റുള്ളവർ എത്തേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.ടാക്​സി സ്​റ്റാൻഡിനടുത്ത്​ ഒമാൻ അറബ് ബാങ്കിന് മുൻവശത്തായുള്ള മത്ര ഹെൽത്ത്​ സെന്റർ , സബ്​ലത്ത്​ ഒമാൻ, ജി.ടി.ഒക്കടുത്തുള്ള പാർക്കിങ്​ ഏരിയ തുടങ്ങി നാലിടങ്ങളിലാണ്​ പരിശോധന കേന്ദ്രങ്ങൾ. ഇവ രാവിലെ ഒമ്പത്​ മുതൽ പുലർച്ചെ ഒന്ന്​​ വരെ പ്രവർത്തിക്കും. വെള്ളി,ശനി ദിവസങ്ങളിൽ നിരവധി വിദേശികൾ സാമ്പിളുകൾ നൽകാൻ എത്തി. ഭാഷാപരമായി ഇവരെ സഹായിക്കാൻ വിവിധ ഭാഷ അറിയാവുന്ന നിരവധി സന്നദ്ധ പ്രവർത്തകരും ഉണ്ടായിരുന്നു.