ബഹ്‌റൈൻ : മനാമ: ഇരിഞ്ഞാലക്കുട നിവാസികളുടെ കൂട്ടായ്മയായ സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണം-ഈദ് ഫെസ്റ്റ് 2016 വെള്ളിയാഴ്ച അദ്‌ലിയയിലെ ബാംഗ് സാങ് തായ് റെസ്റ്ററന്റിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. താലവും , പട്ടുകുടകളും, വാദ്യമേളങ്ങളും, ആർപ്പുവിളികളുമായി മഹാബലിയെ ആനയിച്ച പ്രൗഢോജ്വലമായ ഘോഷയാത്രയിൽ പുലിക്കളി, മയിലാട്ടം, ശിങ്കാരിമേളം, വാദ്യമേളങ്ങൾ തുടങ്ങി നിരവധി കലാരൂപങ്ങൾ ഉണ്ടായിരുന്നു. സ്പാക് ചെയർമാൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് സത്യദേവ്, ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വീരമണി, കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി എന്നിവർ ക്ഷണിക്കപ്പെട്ട അഥിതികൾ ആയിരുന്നു. ചെയർമാൻ വി. കെ സജീവൻ, ഇ.എ . ജമാൽ(പ്രസിഡണ്ട് ), ടി.വി. പ്രകാശൻ (സെക്രട്ടറി ), പി. ബി. ഉണ്ണികൃഷ്ണൻ (പ്രോഗ്രാം കൺവീനെർ ), രാജലക്ഷ്മി വിജയൻ (കൺവീനെർ, ലേഡീസ് വിങ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു. രുദ്രൻ ( വൈസ് പ്രസിഡണ്ട്) നന്ദിയും പറഞ്ഞു. ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ തിരുവാതിരകളിയും, ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ നിരവധി കലാപരിപാടികളും അരങ്ങേറി. ആഘോഷത്തോടൊപ്പം വിഭവ സമൃദ്ധവും രുചികരവുമായ ഓണസദ്യയും ചേർന്നപ്പോൾ ഈ വർഷത്തെ ഓണം – ഈദ് ആഘോഷം തികച്ചും മധുരമുള്ളതായി തീർന്നു.