ടോക്കിയൊ ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ചരിത്രം സൃഷ്ടിച്ച് സൗദി അറേബ്യ.

By : Mujeeb Kalathil

സൗദി അറേബ്യ : ടോക്കിയൊ ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇതാദ്യമായി ഒരു വനിത സൗദിയുടെ പതാകയേന്തി മുന്നില്‍ നടന്നു. തുഴച്ചില്‍ താരം ഹുസൈന്‍ അലി രിസക്കൊപ്പം 100 മീറ്റര്‍ ഓട്ടക്കാരി യാസ്മിന്‍ അല്‍ദബ്ബാഗാണ് പതാക വഹിച്ചത്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലാണ് ആദ്യമായി ഒരു സൗദി വനിത പങ്കെടുക്കുന്നത്. സാറ അതാറാണ് മാറ്റത്തിന് വഴിമരുന്നിട്ടത്. 2016 ലും രണ്ട് വനിതകള്‍ സൗദിയെ പ്രതിനിധീകരിച്ചു. ടോക്കിയോയിലും രണ്ട് വനിതകള്‍ ടീമിലുണ്ട് -യാസിറിനു പുറമെ ജൂഡോ താരം തഹാനി അല്‍ഖഹ്താനിയും പങ്കെടുക്കുന്നു. സൗദി അറേബ്യ ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണ ഒളിംപിക്‌സിന് അയക്കുന്നത്. 11 കായികതാരങ്ങള്‍ വിവിധ ഇനങ്ങളില്‍ യോഗ്യത നേടിയിട്ടുണ്ട്. ഇത് കൂടാതെ 1996 നു ശേഷം ആദ്യമായി ഫുട്‌ബോള്‍ ടീമും ഏഷ്യന്‍ പ്രതിനിധികളിലൊന്നാണ്. ഒമ്പത് ഇനങ്ങളില്‍ സൗദി പങ്കെടുക്കുന്നു. 2004 ല്‍ ആറിനങ്ങളില്‍ പങ്കെടുത്തതാണ് ഇതുവരെ റെക്കോര്‍ഡ്. ജൂഡോ, വെയ്റ്റ്‌ലിഫ്റ്റിംഗ്, തുഴച്ചില്‍, കരാട്ടെ, നീന്തല്‍, ടേബിള്‍ ടെിസ്, ഷൂട്ടിംഗ്, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് സൗദി മത്സരിക്കുന്നത്.