200 മരുന്നുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്: മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദര്‍ അല്‍ ഖുറയ്ഫ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഈ മരുന്നുകളില്‍ 42 എണ്ണം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള ഏകോപനത്തിലും സംയോജനത്തിലും പ്രാദേശികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

പ്രമുഖ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള ഫലപ്രദമായ പങ്കാളിത്തത്തിലൂടെ, മേഖലയിലെ ഫാര്‍മസ്യൂട്ടിക്കല്‍, വാക്‌സിന്‍ വ്യവസായത്തിന്റെ സുപ്രധാന കേന്ദ്രമായി സൗദി അറേബ്യ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലേക്ക് ഗുണപരമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഔഷധ മേഖലയില്‍ സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കുന്നതിന് ഔഷധ വ്യവസായത്തെ പ്രാദേശികവത്ക്കരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി അല്‍ ഖുറയ്ഫ് പറഞ്ഞു.രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ആവശ്യം നിര്‍ണ്ണയിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ വിദഗ്ധരായ സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും പ്രാദേശിക മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും വിപണിയില്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന് നിക്ഷേപ മന്ത്രാലയം, ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി മന്ത്രാലയങ്ങളും പ്രവര്‍ത്തിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ച് പ്രാദേശിക, വിദേശ നിക്ഷേപം സമാഹരിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ഈ സംയോജിത പ്രയത്‌നത്തിന്റെ ഫലം രാജ്യത്തിന് ലഭിച്ചുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
‘399’ കമ്മറ്റി ടീമുമായി ആശയവിനിമയം നടത്തി 8,000-ത്തിലധികം മരുന്നുകൾ ഉപയോഗിക്കുന്ന സൗദി അറേബ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ ഗുണപരമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം നിക്ഷേപകരോട് ആഹ്വാനം ചെയ്തു. 2019 മുതല്‍ 2023 വരെയുള്ള കാലയളവിൽ സൗദിയിലെ മെഡിക്കല്‍ ഉപകരണ ഫാക്ടറികള്‍ 54ല്‍ നിന്ന് 150 ആയും ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികള്‍ 42ല്‍ നിന്ന് 56 ആയും ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ സൗദി അറേബ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണ ഫാക്ടറികളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ 25% വര്‍ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇവയുടെമൊത്തം മൂല്യം 10 ബില്യണ്‍ ഡോളർ കവിഞ്ഞു. സൗദി അറേബ്യയിലെ സമഗ്ര വികസനം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിലൊന്നാണ് ആരോഗ്യമെന്നും അദ്ദേഹം പറഞ്ഞു.