താൽകാലിക തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ,50,000 റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ തടവും

റിയാദ്: വാര്‍ഷിക ഹജ്ജ് തീര്‍ഥാടന സീസണിലും ചെറിയ തീര്‍ഥാടനമായ ഉംറ വേളയിലും നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട താല്‍ക്കാലിക തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി ഒരാള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസ വില്‍ക്കുകയോ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുകയോ അതിന്റെ ഉദ്ദേശ്യത്തിനല്ലാതെ മറ്റെന്തെങ്കിലും കാര്യത്തില്‍ ഉപയോഗിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ, 50,000 റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഇവ രണ്ടില്‍ ഏതെങ്കിലുമൊന്നായിരിക്കും ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.അതിനു പുറമെ, വിസ കൃത്രിമം കണ്ടുപിടിക്കപ്പെട്ടാല്‍ ഭാവിയില്‍ ഹജ്ജ്, ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട താല്‍ക്കാലിക ജോലികള്‍ക്കായി മത്സരങ്ങളില്‍ പ്രവേശിക്കുന്നതിന് വ്യക്തിക്കും സ്ഥാപനത്തിനും വിലക്ക് ഏര്‍പ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. അതിനു പുറമെ, താല്‍ക്കാലിക തൊഴില്‍ വിസയില്‍ തട്ടിപ്പ് കാണിച്ച് അതുവഴി നേടിയ വരുമാനത്തിന് തുല്യമായ തുക നിയമലംഘകരില്‍ നിന്ന് ഈടാക്കും. നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴയും കൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായുള്ള താല്‍ക്കാലിക തൊഴില്‍ വിസയ്ക്കുള്ള അപേക്ഷകന്‍ ഇതിനായി രജിസ്റ്റര്‍ ചെയ്ത വിലാസം, ഡാറ്റ, ഇതിനായി സമര്‍പ്പിച്ച രേഖകള്‍ എന്നിവ തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ പരമാവധി 15,000 റിയാല്‍ പിഴ ഈടാക്കും.