റിയാദ്: മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഇന്ന് മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ പട്ടികയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. മാലിന്യപ്പെട്ടികൾ, അവയ്ക്ക് ചുറ്റുമുള്ള വേലികൾ, അല്ലെങ്കിൽ അവ നിൽക്കുന്ന തറ എന്നിവയിൽ കൃത്രിമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യൽ നിയമലംഘനമായി കണക്കാക്കും. 1,000 റിയാൽ പിഴയും നാശനഷ്ടത്തിെൻറ മൂല്യത്തിന് നഷ്ടപരിഹാരവും ഉൾപ്പെടെ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി. മാലിന്യ പെട്ടികളുടെ സ്ഥാനം മാറ്റുന്നതും നിശ്ചിത ആവശ്യങ്ങൾക്ക് അല്ലാതെ അവ ഉപയോഗിക്കുന്നതും നിയമലംഘനമാണ്.അതിന് 500 റിയാൽ പിഴയും നാശനഷ്ടത്തിന്റെ മൂല്യത്തിന് അനുസൃതമായി നഷ്ടപരിഹാരവും ഈടാക്കും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പൊതുചുവരുകൾ എഴുതി വൃത്തികേടാക്കിയാൽ 100 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. എഴുത്തുകൾ മായ്ച്ച് ചുവരുകൾ വൃത്തിയാക്കുകയും വേണം. ഈ നിയമങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ബാധകമാണ്.