റിയാദ്: സൗദിയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
റിയാദ് മുതൽ ജിദ്ദ വരെയും അവിസ്മരണീയമായ കരിമരുന്ന് പ്രയോഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോ അരങ്ങേറും. റിയാദിൽ സെപ്തംബർ 22, 23 തീയതികളിൽ കൈറോവാൻ ഡിസ്ട്രിക്റ്റിലെ ഉമ്മു അജ്‌ലാൻ പാർക്കിൽ വൈകീട്ട് 4.30 ന് ആയിരിക്കും എയർ ഷോ നടക്കുക. സെപ്തംബർ 22, 23 തീയതികളിൽ ഖമീസ് മുഷൈത് (ബോളിവാർഡ് – തംനിയ – സറാത് ഉബൈദ), അബ്ഹ (കിങ് ഖാലിദ് റോഡ് – ആർട്ട് സ്ട്രീറ്റ്), അമീർ മുഹമ്മദ് ബിൻ സഊദ് പാർക്ക്, അമീർ ഹുസാം ബിൻ സഊദ് പാർക്ക്, അൽബാഹയിലെ റഗദാൻ ഫോറസ്റ്റ് എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചിന് ഷോകൾ അരങ്ങേറും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കരിമരുന്ന് പ്രയോഗവും നടക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ചവരെയാണ് സൗദിയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്