ദമാം∙ ദമാം ഇൻഡസ്ട്രിയൽ സിറ്റിയിലെ നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം മൂന്നുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ ഷമാസ് നവാസ് (ഏഴ്), സൗഫാൻ (അഞ്ച്), ഗുജറാത്ത് സ്വദേശി രവി-റീന ദമ്പതികളുടെ മകൻ ഹാർദ്(ആറ്) എന്നിവരാണ് മരിച്ചത്. ഇന്നലെ(തിങ്കൾ) വൈകിട്ട് ആറോടെയായിരുന്നു സംഭവം.
ദമാം ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ബിസിഐ കമ്പനിയിൽ ജോലിക്കാരായ നവാസ് ബഷീറും രവിയും കുടുംബ സമേതം കമ്പനി കോമ്പൗണ്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. കളിക്കാൻപോയി ഏറെനേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് നീന്തൽക്കുളത്തിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ അടുത്തുള്ള ദമാം അൽ മന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷമാസ് രണ്ടാം ക്ലാസ് വിദ്യാർഥിയും സൗഫാൻ എൽ.കെ.ജി വിദ്യാർഥിയുമാണ്.