ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കണം,മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി

റിയാദ്: ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കാൻ വിവിധ രാജ്യങ്ങളോട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. സ്വതന്ത്ര പലസ്തീൻ ആണ് ശാശ്വത പരിഹാരം എന്നും മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപെട്ടു.ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുകയാണെന്ന് സൗദി വിദേശകാര്യമന്ത്രിയും കുറ്റപ്പെടുത്തി. ഇസ്രയേൽ നടത്തുന്നത് സ്വയം പ്രതിരോധമാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാവുമെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തര്‍ നടത്തുന്ന ഇടപെടലുകള്‍ വിജയിക്കുമെന്നാണ് സൂചന.ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുക. അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 ബന്ദികളെ കൈമാറാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇസ്രയേലിൽ ജയിലില്‍ കഴിയുന്ന 300 പലസ്തീനികളെയും മോചിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിട്ടയക്കുന്ന ബന്ദികളില്‍ സൈനികരുണ്ടാവില്ല. ചില ബന്ദികളെ മോചിപ്പിക്കാനും യുദ്ധം താല്‍ക്കാലികമായി നിര്‍ത്താനുമുള്ള കരാര്‍ വളരെ ചെറിയ പ്രായോഗിക തടസങ്ങളില്‍ തട്ടി നില്‍ക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്തര്‍ പ്രധാനമന്ത്രി വ്യക്താമാക്കിയിരുന്നു.