റിയാദ് : സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഇന്ത്യക്കാരുടെ എണ്ണം 10 ആയതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതവുമാണ് ഇതുവരെ മരിച്ചത്. ഏപ്രിൽ 4 ന് മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ച ഷെബ്നാസ് പാലക്കണ്ടിയിൽ (30), റിയാദിൽ മരിച്ച സഫ്വാൻ നടമ്മൽ എന്നിവരാണ് കേരളത്തിൽ നിന്നുള്ളവർ. ഏപ്രിൽ 7 ന് ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ മരിച്ച ബദ്റെ ആലം (41), ഏപ്രിൽ 18ന് മക്കയിലെ കിംഗ് ഫൈസൽ ആശുപത്രിയിൽ മരിച്ച ബിൻലാദിൻ കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനിയർ ആയിരുന്ന മുഹമ്മദ് അസ്ലം ഖാൻ (51), ഏപ്രിൽ 8 ന് മക്കയിലെ ഹിറ ആശുപത്രിയിൽ മരിച്ച എംഡി ഫക്റെ ആലം (52) എന്നിവർ യുപി സ്വദേശികളാണ്.
ഇദ്ദേഹം ഏപ്രിൽ 8 നു മരിച്ചിരുന്നെങ്കിലും കോൺസുലേറ്റിൽ വിവരം ലഭിക്കുന്നത് ഏപ്രിൽ 19 നാണ്. ഏപ്രിൽ 15 ന് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ച സുലൈമാൻ സയ്യിദ് (59), മദീനയിലെ അൽ ദാർ ആശുപത്രിയിൽ മരിച്ച ബർകത്ത് അലി അബ്ദുൽ ലത്തീഫ് ഫകീർ (63), ഏപ്രിൽ 18 ന് മദീനയിലെ അൽദാർ ആശുപത്രിയിൽ മരിച്ച തൗസീഫ് ബൽബാലെ (40) എന്നിവരാണു മഹാരാഷ്ട്ര സ്വദേശികൾ. ഏപ്രിൽ 16 ന് മക്കയിലെ അൽ നൂർ ആശുപത്രിയിൽ മരിച്ച ഖാൻ അസ്മതുല്ല (65), ഏപ്രിൽ 18 ന് ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കൽ സെന്ററിൽ മരിച്ച മുഹമ്മദ് സാദിഖ് (54) എന്നിവർ തെലങ്കാന സ്വദേശിയുമാണ്.