റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. മരണസംഖ്യ 152ലെത്തി. ചൊവ്വാഴ്ച എട്ടുപേരാണ് മരിച്ചത്. രണ്ട് സൗദി പൗരന്മാരും മൂന്ന് വിദേശികളും മക്കയിലും ഒരു സൗദി പൗരനും രണ്ട് വിദേശികളും ജിദ്ദയിലുമാണ് മരിച്ചത്. മരിച്ചവർ വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവരാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതുതായി 1266 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 20077 ആയി. പുതിയ രോഗികളിൽ 23 ശതമാനം സൗദി പൗരന്മാരും 77 ശതമാനം വിദേശികളുമാണ്. 17,141 പേർ ചികിത്സയിലാണ്. 118 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 253 പേർ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2784 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ 13ആം ദിവസത്തിലെത്തിയപ്പോഴും രോഗികളുടെ എണ്ണത്തിൽ കുറവില്ല. എന്നാൽ വ്യാപക പരിശോധനയുടെ ഫലമായി രോഗവുമായി ആർക്കും വീടുകളിൽ ഒതുങ്ങിക്കഴിയാനാവാത്ത സ്ഥിതിയുണ്ട്. രോഗലക്ഷണങ്ങളുള്ളവരെയെല്ലാം കൂട്ടമായി ചെയ്യുകയാണ്. ഇത് സമൂഹ വ്യാപനം തടയാൻ സഹായകമാകും. പരമാവധി ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കാനും വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയാനുമാണ് രോഗബാധയില്ലാത്തവരോടെല്ലാം ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്.