റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ ഷോ നടന്ന സ്റ്റേജൽ കയറി കലാകാരന്മാരെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിക്ക് ഇന്ന് വധശിക്ഷ നൽകി. പ്രതി സ്റ്റേജിലേക്ക് കയറി കത്തിയെടുത്തു മുന്നിൽ കണ്ടവരെല്ലാം ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ കലാകാരന്മാർക്ക് പുറമെ ഒരു സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റിരുന്നു. റിയാദിൽവെച്ചാണ് വ്യാഴാഴ്ച ശിക്ഷ നടപ്പാക്കിയത്.
2019 നവമ്പർ 12ാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.റിയാദിലെ മലാസിൽ സ്റ്റേജ് ഷോ നടത്തുന്നതിനിടെയായിരുന്നു മുഖ്യ പ്രതി യമൻ സ്വദേശി ഇമാദ് അബ്ദുൽ ഖവി അൽ മൻസൂരി സ്റ്റേജിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.സംഭവത്തിൽ രണ്ട് പ്രതികളായിരുന്നു അറസ്റ്റിലായത്. മുഖ്യ പ്രതിക്ക് ഭീകരവാദ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. രണ്ടാമത്തെ പ്രതി നിയമവിരുദ്ധമായി യമനിൽ നിന്നും സൗദിയിലേക്ക് നുഴഞ്ഞു കയറിവന്നയാളാണെന്നും തെളിഞ്ഞിരുന്നു. പ്രതികളെല്ലാം യമൻ പൗരന്മാരാണെന്നും കോടതി വ്യക്തമാക്കി.
മുഖ്യ പ്രതിയുടെ വധശിക്ഷയാണ് വ്യാഴാഴ്ച രാവിലെ റിയാദിൽ വെച്ച് നടപ്പാക്കിയായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
കലാകാരന്മാരെയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുക, ഷോ കാണാനെത്തിയ ജനങ്ങളെ ഭയപ്പെടുത്തുക, കത്തികാണിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നിവക്ക് പുറമെ ഭീകര സംഘടനയായ അൽഖാഇദക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുക, നിരപരാധികളെ അക്രമിക്കുന്നതിനായി ആയുധം കൊണ്ട് നടക്കുക, ഭീകര പ്രസ്ഥാനത്തിനായി ധനശേഖരണം നടത്തുക, മറ്റുള്ളവരെ ഭീകരപ്രസ്ഥാനത്തിലേക്ക് ചേർക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഒന്നാം പ്രതിക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു.രാജ്യ സുരക്ഷയെ തൊട്ട് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും, രാജ്യത്തെ ക്രമസമാധാനം തകർക്കുവാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും ആരെയും അനുവദിക്കില്ലെന്നും അവർക്ക് ഒരു പാഠമാകുവാൻ വേണ്ടിയാണ് ശിക്ഷ നടപ്പാക്കിയ വിവരം പരസ്യപ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.