റിയാദ്: സൗദിയിലേക്ക് തൊഴിൽ തേടി വരുന്ന പ്രവാസികൾ ട്രാവൽ ഏജൻറുമാരുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത് സഹായകമാകും. നിലവിൽ സൗദിയിലുള്ള ഇന്ത്യാക്കാരോടും എംബസിയുടെ വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അംബാസഡർ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത് എംബസിക്ക് സഹായമായി മാറും.