ജിദ്ദ: കർഫ്യു ഭാഗികമായി എടുത്തുകളഞ്ഞതിന് അപകടം പൂർണമായും ഇല്ലാതായി എന്നർഥമില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഇപ്പോഴും അപകടാവസ്ഥ നിലനിൽക്കുന്നുണ്ട്. കോവിഡ് വൈറസ് വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു. സൗദിയുടെ എല്ലാ മേഖലകളിലും കോവിഡ് ബാധ ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 2000ത്തിലധികം ഫീൽഡ് ആരോഗ്യ പരിശോധനകൾ നടന്നു. വീടുകളിൽ നിന്ന് പുറത്തിറങ്ങുേമ്പാൾ എല്ലാവരും മുഖാവരണം ധരിച്ചിരിക്കണം. ആവശ്യമായ ശിപാർശകൾ നൽകാൻ കോവിഡ് ഫോളോഅപ്പ് കമ്മിറ്റി സ്ഥിതിഗതികൾ വിലയിരുത്തി കൊണ്ടിരിക്കുന്നുണ്ട്. കോവിഡ് എന്ന മഹാമാരിയെ തുടച്ചുനീക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണെന്നും വീണ്ടും ഉണർത്തുകയാണ്. അതിനാൽ ജനങ്ങൾക്കിടയിൽ രോഗവ്യാപനം കുറയ്ക്കാൻ, പുറത്തിറങ്ങുന്ന സമയത്ത് മുഖാവരണം നിർബന്ധമായും എല്ലാവരും ധരിച്ചിരിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷക്ക് വലിയ സഹായം നൽകി കൊണ്ടിരിക്കുന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇൗ അവസരത്തിൽ നന്ദി രേഖപ്പെടുത്തുകയാണ്. ഇതോടൊപ്പം കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി, ഇതിനായുള്ള സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ ആരോഗ്യ മേഖലയിൽ അശ്രാന്ത പരിശ്രമം നടത്തികൊണ്ടിരിക്കുന്ന ധീരരായ സഹോരന്മാർക്കും സഹോദരിമാർക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.