സൗദി കെ.എം.സി.സി ‘ ഹദിയത്തു റഹ്മ ആദ്യ ഗഡു ചെറിയ പെരുന്നാളിന്

ദമ്മാം: കെ.എം.സി.സി എന്ന പ്രവാസി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തന ചരിത്രത്തിൽ ചരിത്രപരമായ ഒരു അദ്ധ്യായം കൂടി എഴുതി ചേർത്ത് കൊണ്ട് ഒരു പുരുഷായുസ്സ് മണലാരണ്യത്തിൽ ചിലവഴിച്ച് നാട്ടിൽ തിരിച്ചെത്തിയ മുൻ പ്രവാസികൾക്ക് മാസാന്ത സ്നേഹ സമ്മാനമായി കഴിഞ്ഞ ഒക്റ്റോബർ മാസത്തിൽ പ്രഖ്യാപിച്ച ഹദിയത്തുറഹ്മ പെൻഷൻ പദ്ധതിയിൽ നിന്നുള്ള ആദ്യ മാസത്തെ വിഹിതം, 2023 ഏപ്രിലിൽ ചെറിയ പെരുന്നാൾ സമ്മാനമായി ഗുണഭോകതാക്കൾക്ക് എത്തിച്ച് നൽകികൊണ്ട് തുടക്കം കുറിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റി നടത്തി വരുന്ന പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ തുടക്കം മുതൽ തുടർച്ചയായി സഹകരിക്കുകയും അറുപത് വയസ്സ് പിന്നിടുകയും ചെയ്ത മുൻ പ്രവാസികൾക്കായാണ് ഹദിയത്തുറഹ്മ പദ്ധതി പ്രഖ്യാപിച്ചത്. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച 164 മുൻ പ്രവാസികൾക്കാണ് ഈ വർഷം പദ്ധതി ആനുകൂല്യം ലഭിക്കുക. എല്ലാ മാസവും രണ്ടായിരം രൂപ വീതം ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ച് നൽകുന്ന രൂപത്തിലാണ് പദ്ധതി ചെയ്തിട്ടുള്ളത്.നീണ്ട ഒരു ദശാബ്ദം പിന്നിട്ട സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ അറുപത്തി അയ്യായിരത്തോളം അംഗങ്ങളുണ്ട്. വർഷത്തിൽ എല്ലാ ആഴ്ച്ചയും അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായങ്ങൾ ബാങ്ക് മുഖേനെ നേരിട്ട് നൽകി വരുന്നു. പദ്ധതി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് തവണയായി ആനുകൂല്യങ്ങൾ വിതരണം ചെയ്ത് വരുന്നുമുണ്ട്. ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവാസ ലോകത്ത് എല്ലാവരാലും പ്രശംസ പിടിച്ച് പറ്റിയ, പ്രൊഫഷനൽ സംവിധാനങ്ങളോടെ കോഴിക്കോട് കേന്ദ്രമായി റെജിസ്ട്രേഡ് ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായി സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി മാറികഴിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയിൽ അഞ്ചു കോടിയോളം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതിയിൽ നിന്നും വിതരണം ചെയ്തത്. നാഷണൽ കെ.എം.സി.സി യുടെ കീഴിലുള്ള മുപ്പത്തിയഞ്ചു സെൻട്രൽ കമ്മറ്റികൾ മുഖേനെയാണ് ഹദിയത്തു റഹ്മ’ പദ്ധതി നടപ്പിലാക്കുന്നത്. സൗദി കെഎംസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.