സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു കെഎംസിസി ജീവകാരുണ്യ രംഗത്തെ പകരം വെക്കാനില്ലാത്ത നാമം – സാദിഖലി തങ്ങൾ

By : Mujeeb Kalathil

റിയാദ്: ജീവകാരുണ്യ മേഖലയിലെ പകരം വെക്കാനില്ലാത്ത നാമമാണ് കെഎംസിസിയെന്നും പൊതുസമൂഹത്തിലെ അവശരായവർക്ക് ലഭിക്കുന്ന സാന്ത്വനം മാതൃകാപരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ട് വർഷമായി നടന്നു വരുന്ന സഊദി കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിലൂടെ അപ്രതീക്ഷിതമായി കുടുംബനാഥൻ വേർപിരിഞ്ഞ നൂറുകണക്കിന് കുടുംബങ്ങൾക്കും അവിചാരിതമായി വൈധവ്യം പേറേണ്ടി വരുന്നവർക്കും അനാഥമാകുന്ന നൂറുകണക്കിന് മക്കൾക്കും കുഞ്ഞുങ്ങൾക്കും ആശ്രയമാകാൻ സാധിച്ചത് മഹത്തരമാണെന്നും ജാതിമത ഭേദമന്യേ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നടത്തപെടുന്ന ഇത്തരം കർമ്മ പദ്ധതികൾ പൊതുസമൂഹം നെഞ്ചേറ്റുന്നതിലൂടെ കാരുണ്യവീഥിയിലെ കരുതൽ സ്പർശത്തിന് തിളക്കമേറുകയായെന്നും ഇത്തരം പദ്ധതികൾ മറ്റു സംഘടനകൾക്കും മാതൃകയാണെന്നും തങ്ങൾ പറഞ്ഞു.

പ്രവാസ ലോകത്തെ പ്രതിസന്ധികളോടെല്ലാം പടവെട്ടി കാര്യമായൊന്നും സമ്പാദിക്കാതെ പ്രയാസപ്പെടുന്നവരാണ് സാധാരണക്കാരായ പ്രവാസികൾ. രോഗാവസ്ഥയിലാകുമ്പോഴും അവിചാരിതമായി മരണപെടുമ്പോഴും അവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന ഈ സുരക്ഷാ പദ്ധതി വിജയകരമായി ഒമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തനിക്കും തന്റെ കുടുംബത്തിനും പ്രവാസി സമൂഹത്തിനും ഒരു കരുതൽ എന്ന നിലയിൽ സഊദിയിലെ പ്രവാസികൾ ഈ പദ്ധതിയിൽ അണിചേരുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും തങ്ങൾ ഉണർത്തി.

സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം മലപ്പുറത്ത് ഭാഷാ സ്മാരക ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. വാദി ദവാസിർ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ എട്ട് വർഷമായി തുടർച്ചയായി സുരക്ഷ പദ്ധതിയിൽ അംഗമായി ചേരുകയും മരണപ്പെടുകയും ചെയ്തത കണ്ണൂർ സ്വദേശി പ്രദീപ് കണ്ടത്തിലിന്റെകുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ആനുകൂല്യം നൽകിയാണ് തങ്ങൾ ഉദ്‌ഘാടനം നിർവഹിച്ചത്. കോഴിക്കോട് സ്വദേശി പ്രവീൺ, മലപ്പുറം സ്വദേശി മജീദ് കോടശ്ശേരി എന്നിവരുടെ കുടുംബങ്ങൾക്കും തങ്ങൾ ചെക്ക് കൈമാറി. കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിലുള്ള 2021 വർഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പത് പേരുടെ കുടുംബങ്ങൾക്കും ചികിത്സ സഹായം നൽകുന്ന 125 പേർക്കും മൂന്ന് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്‌തത്‌. കോവിഡ് ബാധിച്ച് മരണപ്പെട്ട 13 പേരുടെ കുടുംബങ്ങളും ഇതിലുൾപ്പെടും.

കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ഉപാധ്യക്ഷൻ എം പി അബ്ദുൽ സമദ് സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, എം എൽ എ മാരായ സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ, പി ഉബൈദുല്ല സഊദി കെഎംസിസി ചെയർമാൻ എ പി ഇബ്രാഹിം മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രവാസി ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ടി എച്ച് കുഞ്ഞാലി, സഊദി കെഎംസിസിയുടെ വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളായ ബഷീർ മൂന്നിയൂര്, വി പി മുസ്തഫ , അസീസ് ചേളാരി , ജലീൽ കാവനൂർ, പി എം അബ്ദുൽ ഹഖ്, ഹംസ പെരിമ്പലം, പഴേരി കുഞ്ഞിമുഹമ്മദ്
എന്നിവരും സംബന്ധിച്ചു. സുരക്ഷ പദ്ധതി കോ ഓർഡിനേറ്റർ റഫീക്ക് പാറക്കൽ പദ്ധതി വിതരണത്തെ കുറിച്ച് വിശദീകരിച്ചു. അബ്ദുൾറഹ്മാൻ ദാരിമി ഖിറാഅത്ത് നടത്തി. സഊദി കെഎംസിസി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സ്വാഗതവും ട്രഷറർ കുഞ്ഞിമോൻ കാക്കിയ നന്ദിയും പറഞ്ഞു.
അമ്പത് പേരിൽ ബാക്കിയുള്ളവരുടെ കുടുംബങ്ങൾക്ക് വിഹിതമടങ്ങുന്ന ചെക്ക് ഇവർ നേരത്തെ അംഗത്വമെടുത്തിരുന്ന വിവിധ സെൻട്രൽ കമ്മിറ്റികളുടെ നാട്ടിലുള്ള ഭാരവാഹികൾക്ക് കൈമാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ മുസ്ലിംലീഗ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ ആനുകൂല്യ വിതരണം ഉടൻ പൂർത്തിയാക്കും.