റിയാദ്: സൗദിയിൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് കർശനമാക്കി. സൗദി ജനറല്‍ ട്രാഫിക് അതോറിറ്റി ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫിറ്റ്നസ് പരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി .
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കായി പരിശോധന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തുന്നതിന് മുമ്പ് ഓണ്‍ലൈനിലൂടെ ടൈംസ്ലോട്ട് എടുക്കണമെന്ന് ജനറല്‍ ട്രാഫിക് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റിലെ പ്രത്യേക ലിങ്കിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനായി ഉടമയുടെ വ്യക്തിഗത വിവരങ്ങളും വാഹനത്തിന്റെ വിവരങ്ങളും നല്‍കണം. ഏറ്റവും അടുത്തുള്ള പരിശോധന കേന്ദ്രം വാഹന ഉടമയ്ക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. തുടര്‍ന്ന് ലഭ്യമാവുന്ന തീയതികളില്‍ നിന്ന് അനുയോജ്യമായ ദിവസവും സമയവും തെരഞ്ഞെടുത്ത് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്ന രീതിയിലാണ് നിലവിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബുക്ക് ചെയ്യുന്ന സമയത്ത് ഒരു കോഡ് മൊബൈല്‍ ഫോണില്‍ ലഭിക്കും. അപേക്ഷകന് കോഡില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടിയാണ് അപ്പോയിന്റ്മെന്റ് സ്ഥിരീകരിക്കുക.