ജിദ്ദ : റമസാൻ മാസത്തിൽ പള്ളികളിലെ സംഘടിത നമസ്കാരവും വെള്ളിയാഴ്ചയിലെ ജുമുഅയും പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ഇസ്‌ലാമിക കാര്യ വിഭാഗം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ പ്രാർഥനകൾ പുനരാരംഭിക്കുന്നതിന് ഒരു നിശ്ചിത തിയ്യതി അറിയിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിലെ സംഘടിത ആരാധനകൾ താൽകാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാപല്യത്തിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആരാധനാലയങ്ങളിലെ അറ്റകുറ്റ പണികളും വൃത്തിയാക്കൽ നടപടികളും അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ്. നിലവിലെ സാഹചര്യത്തിൽ വിശ്വസികൾക്ക് തുറന്ന് കൊടുക്കുന്നതിന് വേണ്ടിയല്ല. മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികൾ ഒഴികെ എല്ലാ പള്ളികളും ജുമുഅക്കും ജമാഅത്തിനും വേണ്ടി തുറക്കില്ലെന്നും മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.
അതേസമയം പള്ളികളിൽ പ്രാർഥന താൽക്കാലികമായി നിർത്തിയ സാഹചര്യത്തിൽ നിരവധി വീടുകളിൽ റമസാനിലെ പ്രത്യേക നിസ്കാരത്തിന് മാതാപിതാക്കളും കുട്ടികളും ചേർന്ന് നിർവഹിക്കുന്നത് ഈ മാസത്തെ ആത്മീയാന്തരീക്ഷം നിലനിർത്തുന്നതിന് സഹായിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. ഇതൊരു പുതിയ അനുഭവമാണ് പകരുന്നതെന്നും ഇസ്‌ലാമിക കാര്യ വിഭാഗം പറഞ്ഞു.