സൗദി:അബഹയില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു. സൗദി കരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അബഹയില്‍ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുളള വിമാനത്താവളത്തിനൊപ്പമാണ് പുതിയ എയര്‍പോര്‍ട്ടും നിർമ്മിക്കുന്നത് പുതിയ വിമാനത്താവളത്തിന്റെ മാസ്റ്റര്‍പ്ലാനും കിരീടാവകാശി പുറത്തിറക്കി. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാന്‍ സൗദി നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി.പ്രതിവര്‍ഷം 1.3 കോടി യാത്രികരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് അന്താരാഷ്ട്ര വിമാനത്താവള നിർമാണം. രാജ്യത്ത പ്രധാന ടൂറിസം മേഖലയായ അസിര്‍ റീജേണില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് വിമാനത്താവളം സജ്ജമാക്കുന്നത്. കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും അതിലൂടെ ടൂറിസം മേഖലയുടെ വികസനവുമാണ് പ്രധാനമായും ഇതിലൂടെ സൗദി ഭണകൂടം ലക്ഷ്യവെയ്ക്കുന്നത് . ഇപ്പോള്‍ ഇവിടെ നിലവിലുളള വിമാനത്താവളത്തിന്റെ ടെര്‍മിനലിന്റെ ശേഷി പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ചാണ് പുതിയ വിമാനത്താവളം യാഥാര്‍ഥ്യമാക്കുക.ടെര്‍മിനല്‍ ഏരിയ നിലവിലെ 10,500 ചതുരശ്ര മീറ്ററില്‍ നിന്ന് 65,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും. പ്രതിവര്‍ഷം 90,000 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാവും. നിലവിലുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 15 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുളള ശേഷിയാണ് ഉള്ളത്. 2028ല്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കും. പുതിയ വിമാനത്താവളത്തില്‍ 20 ഗേറ്റുകള്‍ക്കും 41 ചെക്ക്ഇന്‍ കൗണ്ടറുകുള്‍ക്കും പുറമെ ഏഴ് ഇടങ്ങളില്‍ സെല്‍ഫ് സര്‍വീസ് ചെക്ക് സേവനവും ലഭ്യമാക്കും. വിശാലമായ പാര്‍ക്കിങ് ഏരിയ ഉള്‍പ്പെടെയുളള വിപുലമായ മറ്റ് സൗകര്യങ്ങളും പുതിയ വിമാനത്തവാളത്തില്‍ ഉണ്ടാകും.