ദില്ലി: സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കീഴ്‌ക്കോടതി വിധി റദ്ദാക്കി കുറ്റ വിമുക്തനാക്കണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം.
ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ച സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. 2011 നവംബര്‍ പതിനൊന്നിനായിരുന്നു കോടതി ഗോവിന്ദചാമിക്ക് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു ശിക്ഷ. കീഴ്‌ക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
തൃശ്ശൂര്‍ അതിവേഗ കോടതിയില്‍ പതിനൊന്നു ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നു കരുതിയ വിചാരണ നടപടികള്‍ അഞ്ചുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാല്‍പ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയില്‍ സമര്‍പ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്.
2011 ഫെഭ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ ഫെബ്രുവരി ആറിന് മരണമടഞ്ഞു.