ബഹ്‌റൈൻ : ഇന്ത്യന്‍ സ്കൂളിന്‍റെ ഈ വര്‍ഷത്തെ ഫെയര്‍ നടത്തിപ്പിന് തുടക്കത്തില്‍ തന്നെ പ്രതിസന്ധികള്‍ ഏറെയായിരുന്നു എന്ന് പത്രകുറിപ്പിറക്കിയവര്‍ അതിന്‍റെ കാരണങ്ങള്‍ കൂടി രക്ഷിതാക്കളോട് വിശദീകരിക്കണം. ഫീസ് പിരിക്കാന്‍ മാത്രം നാഴികക്ക് നാല്‍പത് വട്ടം രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയക്കുന്നവര്‍ ഒരു രക്ഷിതാവിനെ പോലും റാഫിള്‍ നറുക്കെടുപ്പിന്‍റെ സമയം അറിയിക്കാതിരുന്നതെന്ത് കൊണ്ടാണ്. വിവിധ രാജ്യങ്ങളിലുള്ളവര്‍ ടിക്കറ്റുകളെടുത്ത ഒരു റാഫിള്‍ നടുക്കെടുപ്പിന്‍റെ സമയം പത്ര മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരുന്നതിലൂടെ വിറ്റഴിച്ച എല്ലാ ടിക്കറ്റുകളും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയോ എന്ന് പൊതുജനങ്ങള്‍ക്ക് പരക്കെ സംശയമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. മെഗാ ഫെയറും റാഫിളും നടത്തിയത് ഈവന്‍റ് മാനേജ്മെന്‍റ് ആണോ സ്കൂള്‍ ഭരണസമിതിയാണോ എന്ന് രക്ഷിതാക്കളോട് ഇപ്പോഴും ആരും വ്യക്തമാക്കിയിട്ടില്ല. രക്ഷിതാക്കള്‍ മാത്രം ഉടമസ്ഥരായ ഒരു സ്കൂളിന്‍റെ ഭരണസമിതിയില്‍ തൊണ്ണൂറു ശതമാനം പേരും രക്ഷിതാക്കളല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ ഫെയര്‍കമ്മിറ്റിയിലെന്‍കിലും രക്ഷിതാക്കളെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഭരണസമിതി ഇത്രയേറെ ഭീഷണികളും പുതിയ തരം പ്രതികാരനടപടികളും മുഴക്കുന്നത്. മുന്‍കാലങ്ങളിലെ മുഴുവന്‍ ചെയര്‍മാന്‍മാരും ഭരണസമിതികളും തങ്ങളുടേതായ മഹത് സംഭാവനകള്‍ കെട്ടിടങ്ങളായും വികസനങ്ങളായും സ്കൂളിന് നല്‍കിയിട്ടുള്ള ചരിത്രമാണുള്ളത്. എട്ട് വര്‍ഷം അധികാരത്തിത്തിലിരുന്നിട്ടും ഈ ഭരണസമിതിയും ചെയര്‍മാനും നാളിത് വരെ ഈ സ്കൂളിന് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് സമൂഹത്തിന് അറിയാന്‍ താല്‍പര്യമുണ്ട്. സ്കൂളിലെ ക്ളാസ്സ് മുറികളുടെയും ബാത്ത് റൂമുകളുടേയും ഇന്നത്തെ പരിതാപകരമായ അവസഥ സ്കൂളിലെ ഏത് കുട്ടികളോട് ചോദിച്ചാലും ആര്‍ക്കും മനസ്സിലാവും. ഒരു വന്‍ ക്രമക്കേട് മറച്ചു വെക്കാന്‍ നല്ലവരായ സാമൂഹ്യപ്രര്‍ത്തകരേയും സന്‍മനസ്സുള്ളവരേയും മറയാക്കാന്‍ ശ്രമിച്ചത് ഒരു ന്യായീകരണത്തിനും അര്‍ഹതയില്ലാത്ത പ്രവര്‍ത്തിയാണ്. രക്ഷിതാക്കള്‍ തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോബന്ധപ്പെട്ടവര്‍ ഇത്രയേറെ അസ്വസ്ഥമാകുന്നതെന്തിനാണ് ചുവര്‍ ഉണ്ടെന്‍കിലേ ചിത്രമെഴുതാന്‍ പറ്റൂ എന്ന് ഇപ്പോഴെന്‍കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാല്‍ ചിത്രം വരക്കാന്‍ അറിയാത്ത ഒരാളുടെ രചനയില്‍ എത്ര നല്ല ചുമരായാലും അത് കൂടുതല്‍ മലീമസപ്പെടുകയേ ഉള്ളൂ എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. തങ്ങള്‍ വെറും നോട്ടക്കാരാണെന്ന തിരിച്ചറിവ് സ്വയം ഉണ്ടായത് നല്ലതാണ് . പാട്ടം കഴിഞ്ഞ പാട്ടക്കാരനെ പോലെ അവസാനത്തെ കരിക്കും പറിച്ചെടുത്തിട്ട് പോയാല്‍ മതിയെന്ന കുതന്ത്രമാണ് ഉപേക്ഷിക്കേണ്ടത്. തങ്ങള്‍ക്ക് ശേഷം പ്രളയമെന്ന് കരുതുന്നവരുടെ ധിക്കാരപരമായ നിലപാടുകളെ രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും മുന്‍പില്‍ തുറന്നു കാണിക്കാന്‍ സ്കൂളിനും രക്ഷിതാക്കള്‍ക്കും വേണ്ടി എന്നും നിലകൊള്ളുന്ന രക്ഷിതാക്കളുടെ കൂട്ടായ്മ എന്ന നിലയില്‍ യു.പി.പി ബാധ്യസ്ഥരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മ്മികതയും നേര്‍വഴിയും പഠിപ്പിക്കേണ്ട ഒരു മഹത് സ്ഥാപനത്തിന്‍റെ തലപ്പത്തുള്ളവര്‍ തന്നെ ക്രമക്കേടിന്‍റെ അപ്പോസ്തലന്‍മാരായി മാറുന്നതും അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ഭാവി തലമുറയ്ക്ക് എന്ത് സന്ദേശമാണ് നല്‍കുക എന്ന് ബന്ധപ്പെട്ടവര്‍ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും . അധികാരത്തിന്‍റെ സുഖ ശീതളിമയില്‍ മത്ത് പിടിച്ചവര്‍ക്ക് ഇന്നല്ലെങ്കിൽ നാളെ അധികാര സ്ഥാനങ്ങളില്‍ നിന്നും തങ്ങള്‍ ഒഴിഞ്ഞു പോകേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം അലോസരതയോടെ മാത്രമേ ഓര്‍ക്കാന്‍ പോലും സാധ്യമാകൂ എന്ന് ഏതൊരു കുട്ടിക്കും മനസ്സിലാക്കാനാവുന്ന കാര്യമാണ്. എഴുപത് വര്‍ഷത്തിലധികം കാലം ഇന്ത്യന്‍ സമൂഹത്തിന്‍റെ അഭിമാനമായി തലയുയര്‍ത്തി നിന്ന ഒരു മഹത് സ്ഥാപനത്തേയും അതിന്‍റെ സല്‍പേരിനേയും കേവലമായ വ്യക്തി താല്‍പര്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗങ്ങള്‍ക്കുമായി കഴിവു കേടുകള്‍ കൊണ്ടും ക്രമക്കേടുകള്‍ കൊണ്ടും നശിപ്പിക്കരുത് എന്നാണ് യുണൈറ്റഡ് പേരന്‍റ്സ് പാനലിനു വളരെ വിനീതമായി ബന്ധപ്പെട്ടവരോട് ഇപ്പോഴും അഭ്യര്‍ത്ഥിക്കാനുള്ളതെന്നും യു.പി.പി. പത്രകുറിപ്പില്‍ പറഞ്ഞു.