മനാമ: മൂന്നരപതിറ്റാണ്ട് കാലത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുന്‍ കെ.എം.സി.സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ ജന. സെക്രട്ടറിയും മത-സാമൂഹിക-സാസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇ.പി മഹമൂദ് ഹാജിക്ക് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്കി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് ഇ.പി മഹമൂദ് ഹാജിക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ, ജോ. സെക്രട്ടറി എ.പി ഫൈസല്‍, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ.എം.സി.സി ബഹ്റൈനിന്റെ സജീവ സാന്നിധ്യമായ ഇ.പി മഹമൂദ് ഹാജി 1985 ലാണ് പ്രവാസജീവിതത്തിന് തുടക്കം കുറിച്ച് ബഹ്റൈനിലെത്തുന്നത്. തുടര്‍ന്ന് തന്റെ വ്യക്തി ജീവിതത്തോടൊപ്പം സാമൂഹ്യ ഇടപെടലുകള്‍ നടത്തി കെ.എം.സി.സി ബഹ്റൈനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. ബഹ്റൈനിന്റെ വളര്‍ച്ച കണ്ട് പ്രവാസ ജീവിതം നയിച്ച ഇ.പി മഹമൂദ് ഹാജി തന്റെ ഇടപെടലിലൂടെ സഹായഹ്സതമേകിയത് നിരവധി പേര്‍ക്കാണ്. അതിനാല്‍ തന്നെ നിരവധി സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. തന്റെ പ്രവാസത്തിന്റെ തുടക്കത്തില്‍ തന്നെ കെ.എം.സി.സി പ്രവര്‍ത്തനത്തില്‍ മുന്‍നിരയിലുണ്ടായ അദ്ദേഹം നിരവധി നേതാക്കന്മാരുമായി സേവനരംഗത്ത് കര്‍മനിരതനായി നിലകൊണ്ടു. പഴയകാല നേതാക്കളായ മര്‍ഹൂം കൊളേരി മൊയ്തു ഹാജി, മര്‍ഹും പി.സി അബൂട്ടി സാഹിബ്, നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന കല്ലേരി മൂസ്സ ഹാജി, എം.കെ.കെ മൗലവി, കെ.പി അബ്ദുല്ല പേരാമ്പ്ര, സി.കെ അബ്ദുറഹിമാന്, കോട്ടക്കല്‍ അബ്ദുറഹിമാന്, കെ.കെ മമ്മി മൗലവി, യൂസുഫ് കൊയിലാണ്ടി, ടി. അന്തുമാന്‍, അലി കൊയിലാണ്ടി തുടങ്ങിയവരോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച മഹമൂദ് ഹാജി നിലവില്‍ എസ്.വി ജലീലിന്റെയും കുട്ടൂസ മുണ്ടേരിയുടെയും ഹബീബ് റഹ്മാന്റെയും അസൈനാര്‍ കളത്തിങ്ങലിന്റെയും പ്രവര്‍ത്തനകാലയളവിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കെ.എം.സി.സി നീണ്ട കാലപ്രവര്ത്തനങ്ങള്ക്കിടയില് ആവിഷ്കരിച്ച അനുകരണനീയമായ പല പദ്ധതികളുടെയും വിജയത്തിനായി അദ്ദേഹം പ്രയത്നിച്ചു.
മണ്ഡലത്തില്‍ ഒരു ഭവനം, തണല്‍ ഭവന പദ്ധതി, ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി, ജീവസ്പര്‍ശം രക്തദാന പദ്ധതി, പ്രവാസി പെന്ഷന് പദ്ധതി, പ്രവാസി ബൈത്തുറഹ്മ തുടങ്ങിയവ കെ.എം.സി.സി നടപ്പാക്കിയപ്പോള്‍ തന്റെ പങ്കാളിത്തവും സഹകരണവും ഉറപ്പ് വരുത്തിയ നിസ്വാര്‍ത്ഥനായ മഹമൂദ് ഹാജി ഇക്കാലമത്രയും നടത്തിയ സേവന പ്രവര്‍ത്തനങ്ങളില്‍ അതിയായ സംതൃപ്തിയോടെയാണ് ബഹ്റൈനിയില്നിന്നും വിട ചോദിക്കുന്നത്.